ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കര്‍ണാടക വേദിയാകുന്നത്. ഒരു തെരഞ്ഞെടുപ്പിലും കാണാത്ത വീറും വാശിയും പ്രകടിപ്പിച്ച കോണ്‍ഗ്രസ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കോണ്‍ഗ്രസ് പ്രചരണത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കി. ഗുജറാത്ത് മാതൃകയിലുള്ള പ്രചാരണമാണ് രാഹുല്‍ കര്‍ണാടകത്തിലും നടത്തിയത്. ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ചുകൊണ്ടായിരുന്നു വോട്ടഭ്യര്‍ത്ഥന.
ബിജെപി ക്യാമ്പില്‍ ഉണര്‍വ് പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രചാരണത്തിനിറങ്ങി. കോണ്‍ഗ്രസ് ഭരണത്തെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം അവസാനിപ്പിച്ചത്.
അതേസമയം ജനതാദളിനുവേണ്ടി ദേവഗൗഡയും മകന്‍ കുമാരസ്വാമിയുമാണ് പ്രചാരണം നയിച്ചത്. ബിഎസ്പി നേതാവ് മായാവതിയും മജ്‌ലിസ് പാര്‍ട്ടി നേതാവ് ഒവൈസിയും ജെഡിഎസിന് വേണ്ടി പ്രചാരണത്തിനെത്തി.
ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ലോക്‌നീതിസി.എസ്.ഡി.എസ്.എ.ബി.പി. പുറത്തുവിട്ട സര്‍വേയില്‍ കോണ്‍ഗ്രസ് 92 മുതല്‍ 102 വരെ സീറ്റു നേടുമെന്നാണ് പ്രവചനം. ബി.ജെ.പി.ക്ക് 79 മുതല്‍ 89 സീറ്റ് ലഭിക്കുമെന്നും പറയുന്നു.