ബംഗളൂരു: കര്‍ണാടകയിലെ 224 സീറ്റുകളിലേക്കുള്ള നിയമസഭാവോട്ടെടുപ്പ് ഏഴുമണിക്കാരംഭിക്കും. ഒരു മാസത്തിലധികം നീണ്ട കനത്ത പ്രചാരണങ്ങള്‍ക്കൊടുവില്‍ കര്‍ണാടക ബൂത്തിലേക്ക്. കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസും തമ്മിലുളള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെങ്കിലും മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമാണ്. മോദി നേരിട്ടാണ് ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്തത്. പാര്‍ട്ടിയിലെ പോരും കമ്മീഷന്‍രാജും ബി.ജെ.പിയുടെ പതനം ഉറപ്പാക്കിയിരിക്കയാണ്. കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നാണ് എല്ലാ അഭിപ്രായസര്‍വേകളും പറയുന്ന്.
രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് പോളിങ്. 2.67 കോടി പുരുഷന്‍മാരും 2.64 കോടി സ്ത്രീകളും 4927 മറ്റുള്ളവരും അടക്കം 5.31 കോടി സമ്മതിദായകരാണ് ആകെയുള്ളത്. 2615 സ്ഥാനാര്‍ത്ഥികള്‍ 224മണ്ഡലങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനത്ത് 58,545 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭരണവിരുദ്ധ വികാരവും ഒപ്പം 40 ശതമാനം കമ്മീഷന്‍ സര്‍ക്കാറെന്ന പ്രചാരണവും ബി.ജെ.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടതും വീരശൈവ, ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും മുസ്്‌ലിംകള്‍ക്കെതിരായ ബി.ജെ.പി സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നീക്കവും ഉള്‍പ്പെടെ ഒരുപിടി അനുകൂല സാഹചര്യങ്ങളാല്‍ രാഷ്ട്രീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമാണ്. സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരെ ഇറക്കിയുള്ള പ്രചാരണവും ഫലം കാണുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരെ അണിനിരത്തി തീവ്ര ഹിന്ദുത്വയില്‍ ഊന്നിയ പ്രചരണമാണ് ബി.ജെ.പി നടത്തിയത്. വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പ് കൂട്ടാന്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോ ണ്‍ഗ്രസ് പ്രചാരണവും പരമാവധി ബി.ജെ.പി ഉപയോഗപ്പെടുത്തിയിരുന്നു. മൈസൂരു മേഖലയില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ സംഭരിക്കാനാണ് ജെ.ഡി.എസിന്റെ ശ്രമം. തൂക്കു ഭരണം വന്നാല്‍ നിര്‍ണായകമാവുക ജെ.ഡി.എസ് സീറ്റുകളായിരിക്കും.