മുംബൈ: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ അധിക്ഷേപിച്ച് നടി കങ്കണ റണൗത്ത് നടത്തിയ ട്വീറ്റില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് കര്‍ണാടക കോടതി. തുംകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് നടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളുമായി ഉപമിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. അഭിഭാഷകനായ എല്‍. രമേഷാണ് ട്വീറ്റിനെതിരെ കോടതയില്‍ പരാതി നല്‍കിയിരുന്നത്. ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.
‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, തെറ്റിദ്ധരിക്കപ്പെട്ട ഒരാള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസിലാകാത്ത പോലെ അഭിനയിക്കുന്നവരെ എന്തു ചെയ്യാനാണ്. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്.’ എന്നായിരുന്നു സെപ്തംബര്‍ 21ന് കങ്കണ ട്വീറ്റ് ചെയ്തത്.
ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടി പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ നിയമത്തിനിതെരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.