ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ അപകീര്‍ത്തിപെടുത്തി ബിജെപി പുറത്തിറക്കാനിരുന്ന പുസ്തകം കോടതി തടഞ്ഞു. പാര്‍ട്ടിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി പുസ്തക പ്രകാശനം മരവിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാവിനെ അപമാനിക്കാണ് പുസ്തക പ്രസിദ്ധീകരണത്തിലൂടെ ബിജെപി ലക്ഷമിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി ബിജെപിക്കെതിരെ പോലീസില്‍ പരാതിയും നല്‍കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് ബിജെപി പുസ്തകം പുറത്തിറക്കുന്നത്. ഇത് തീര്‍ത്തും അപകീര്‍ത്തികരമാണെന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘സിദ്ദു നിജകനസുഗലു’ എന്ന പേരിലാണ് ബിജെപി വിവാദ പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്. പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി പ്രചരണ പോസ്റ്ററുകളില്‍ പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരിലെ ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്റെ വേഷമണിഞ്ഞ സിദ്ധരാമയ്യയെയാണ് ബിജെപി ചിത്രീകരിച്ചിരുന്നത്.