X

കോണ്‍ഗ്രസ് എം.എല്‍.എക്ക് മന്ത്രിപദം വാഗ്ദാനം ചെയ്തു; കര്‍ണാടകയില്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി തന്നെ ബി.ജെ.പി

ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്‍കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. കുഷത്യാഗി മണ്ഡലത്തില്‍ നിന്നും വിജയിച്ച അമരഗൗഡ ലിഗാനഗൗഡ പട്ടീലാണ് ബി.ജെ.പിക്കെതിരെ ആരോപണവുമായി ഒടുവില്‍ രംഗത്തെത്തിയത്.

ഒരു പ്രമുഖ ബി.ജെ.പി ലീഡര്‍ ഫോണില്‍ വിളിച്ച്, കോണ്‍ഗ്രസ് ഉപേക്ഷിച്ചു വന്നാല്‍ താങ്ങളെ ഞങ്ങള്‍ മന്ത്രിയാക്കാം. താങ്ങള്‍ വേണ്ടതെല്ലാം ഞങ്ങള്‍ തരാം എന്നു വാഗ്ദാനം ചെയ്തു. പക്ഷെ ഇവരുടെ പ്രലോഭനങ്ങളില്‍ വീണുപോകുന്നവനല്ല ഞാന്‍. ഞാന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരും. കുമാരസ്വാമിയെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതെങ്കില്‍ അതിനൊപ്പം നിലക്കൊള്ളും- അമരഗൗഡ പറഞ്ഞു.

ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അമരഗൗഡ. കുഷത്യാഗി മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഡി.എച്ച് പട്ടീലിനെ 18000ത്തില്‍ പരം വോട്ടുകള്‍ക്കാണ് അമരഗൗഡ പരാജയപ്പെടുത്തിയത്

നേരത്തെ, തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി നൂറു കോടിയും കാബിനറ്റ് മന്ത്രിപദവിയും വാഗ്ദാനം ചെയ്തതായി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ജെ.ഡി.എസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: