X

സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകുമോ?; എം.എല്‍.എമാരെ മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ബംഗളൂരു: എം.എല്‍.എമാരുടെ രാജി ഭീഷണിയില്‍ കുരുക്കിലായ കര്‍ണാടകയിലെ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാറിനു മുന്നില്‍ അധികാരം നിലനിര്‍ത്തുന്നതിന് രണ്ടു വഴികള്‍. ജെ.ഡി.എസിന്റെ കൈവശമുള്ള മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറുകയും മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ തന്നെ ആ പദവിയില്‍ വീണ്ടും നിയോഗിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ഒന്ന്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് എം.എല്‍.എമാരുടെ രാജി ഭീഷണിക്കു പിന്നിലെന്നാണ് വിവരം. സിദ്ധാ രാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിക്കത്ത് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് നിലവില്‍ രാജിക്കത്ത് നല്‍കിയ എട്ട് കോണ്‍ഗ്രസ് എം.എല്‍. എമാരില്‍ അഞ്ചുപേര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വൃത്തങ്ങളും ഇത്തരം ചില സൂചനകള്‍ നല്‍കുന്നുണ്ട്.

രാജി ഭീഷണി മുഴക്കിയ എം.എല്‍.എമാരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കുക എന്നതാണ് മറ്റൊരു വഴി. ഇതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മന്ത്രിസ്ഥാനം നല്‍കാത്തതിലുള്ള അമര്‍ഷവും ചില എം.എല്‍.എമാരില്‍ അതൃപ്തി സൃഷ്ട്ടിച്ചിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാറിനു മുന്നിലുള്ള വെല്ലുവിളി തല്‍ക്കാലം മറികടക്കാം. ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ടസിനെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തുകയും ചെയ്യാം.
അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കി അടിയന്തരമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇരുവരും ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇതോടെ ബി.ജെ.പി നീക്കത്തിന് തടയിടുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാലും ഇന്ന് ബംഗളൂരുവില്‍ എത്തുന്നുണ്ട്. ഇതിനിടെ ബി.ജെ.പി എം.എല്‍.എമാരെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസും ചരടുവലി തുടങ്ങിയതായി സൂചനയുണ്ട്. യദ്യൂരപ്പ വിരുദ്ധ പക്ഷത്തുള്ള എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്. തങ്ങളുടെ എം.എല്‍.എമാരെ വശത്താക്കാന്‍ ശ്രമിച്ചാല്‍ മറുപക്ഷത്തുള്ള എം.എല്‍.എമാരെ തങ്ങളും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി സതീഷ് ജാര്‍ക്കഹോളി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: