ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍ ആര്‍ സന്തോഷാണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്തോഷ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ്.
കുടുംബ പ്രശ്‌നങ്ങളില്‍ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേ സമയം ആത്മഹത്യാശ്രമത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ‘വെള്ളിയാഴ്ച രാവിലെ താന്‍ സന്തോഷിനെ കണ്ടിരുന്നു. 45 മിനിറ്റ് തങ്ങള്‍ ഒരുമിച്ച് നടന്നു. വ്യാഴാഴ്ചയും കണ്ടുമുട്ടിയിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചതെന്ന് എനിക്കറിയില്ല’ സന്ദര്‍ശനത്തിന് ശേഷം യെദ്യൂരപ്പ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ ബന്ധുകൂടിയാണ് എന്‍ ആര്‍ സന്തോഷ്