കര്‍ണാടകയിലെ മൈസൂരില്‍ ക്രിസ്ത്യന്‍പള്ളി ചൊവ്വാഴ്ച അജ്ഞാതരാല്‍ നശിപ്പിക്കപ്പെട്ടു. പള്ളിയിലെ കുഞ്ഞ്‌യേശുവിന്റെ പ്രതിമയും ഇവര്‍ തകര്‍ത്തു. ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മൈസൂരു പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിലാണ് അനിഷ്ട സംഭവം നടന്നത്. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ നിരവധി പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ പള്ളിയിലെ ജീവനക്കാരന്‍ കേടുപാടുകള്‍ കാണുകയും ഉടന്‍ തന്നെ പാസ്റ്ററെ വിളിക്കുകയായിരുന്നു. പള്ളിയുടെ പിന്‍വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തുകടന്നെതെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തെ ക്യാമറകളില്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സൂചനകള്‍ക്കായി പൊലീസ് അന്വേഷിക്കുകയാണ്. പണവും പള്ളിക്ക് പുറത്ത് വച്ചിരുന്ന ഒരു കളക്ഷന്‍ ബോക്‌സും മോഷണം പോയതായി മൈസൂര്‍ പൊലീസ് സൂപ്രഡ് സീമ ലത്കര്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പള്ളികളും ക്രിസ്ത്യന്‍ മിഷനറിമാരും ചില മത രാഷ്ട്രീയ സംഘടനകളുടെ രോഷം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുന്നാരോപിച്ച് ക്രിസ്മസ് പരിപാടിക്കിടെ വടികളുമായി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം നടത്തിയതിന് രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെറ്റിദ്ധരിപ്പിക്കല്‍, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വഞ്ചന, വഞ്ചനാപരമായ മാര്‍ഗങ്ങള്‍ എന്നിവയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന മതപരിവര്‍ത്തന വിരുദ്ധ ബില്‍ ഈ വര്‍ഷം ആദ്യം കര്‍ണാടക പാസാക്കിയിരുന്നു.