ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് വിജയം. 117 എം.എല്‍.എമാര്‍ കുമാരസ്വാമിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദ്യൂരപ്പയുടെ പ്രസംഗത്തിനു ശേഷം ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ കെ.ആര്‍ രമേഷ്‌കുമാര്‍ എതിരില്ലാതെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ എസ്.സുരേഷ്‌കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് രമേഷ്‌കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് നടക്കുകയായിരുന്നു.
പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയോട് ക്ഷമാപണം നടത്തികൊണ്ടായിരുന്നു കുമാരസ്വാമി പ്രമേയം അവതരിപ്പിച്ചത്. മുമ്പ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സഖ്യമുണ്ടാക്കിയതില്‍ എച്ച്.ഡി ദേവഗൗഡയോട് മാപ്പു പറയുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബി.ജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറുണ്ടാക്കാന്‍ സഹായിച്ചതില്‍ കോണ്‍ഗ്രസിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിന് 117 പേരുടെ പിന്തുണയുണ്ടെന്ന് നേരത്തെ കുമാരസ്വാമി അറിയിച്ചിരുന്നു. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് അറിയിച്ചു. ഇതോടെ കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി എം.എല്‍.എ ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചെങ്കിലും കോടതി ഇടപ്പെട്ട് ഇത് ഒരു ദിവസമായി വെട്ടിക്കുറച്ചു.
അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം കൂട്ടാമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം എം.എല്‍.എമാരെ ഹൈദരാബാദിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ കണക്കുകൂട്ടലുകള്‍ തെറ്റിയ ബി.ജെ.പി, യെദ്യൂരപ്പയുടെ രാജി എന്ന തീരുമാനത്തിലേക്കെത്തി.
വിശ്വാസവോട്ടെടുപ്പ് നടക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കുമാരസ്വാമിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.