X

കര്‍ണാടകയ്ക്കും കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കാം; കേരളം നല്‍കിയ പരാതി തള്ളി മദ്രാസ് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കം ഇനിമുതല്‍ കര്‍ണാടകത്തിനും ഉപയോഗിക്കാം. കെ.എസ്.ആര്‍.ടി.സി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ ഈ പേരിനെ ചൊല്ലി കര്‍ണാടകവും കേരളവും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമയുദ്ധം അവസാനിച്ചിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാന്‍ ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് അനുവാദം തന്നിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നിയമപോരാട്ടം ആരംഭിച്ചത്.

ഇതോടെ, കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയിലെത്തിയത്.

തിരുവിതാംകൂര്‍ രാജകുടുംബം 1937ല്‍ ആരംഭിച്ച പൊതുഗതാഗതം സംസ്ഥാന രൂപവല്‍കരണത്തിനുശേഷം 1965ല്‍ കെ.എസ്.ആര്‍.ടി.സിയായി. എന്നാല്‍ 1973 മുതലാണ് കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്ത് കര്‍ണാടക ഉപയോഗിച്ച് തുടങ്ങിയത്.

കര്‍ണാടക, കേരള എസ്ആര്‍ടിസികള്‍ പതിറ്റാണ്ടുകളായി കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, കര്‍ണാടക എസ്.ആര്‍.ടി.സി അതിെന്റ ചുരുക്കെഴുത്തും ലോഗോയും കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈനുകള്‍, വ്യാപാരമുദ്രകള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തു.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിയമപരമായ വിലക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചതായും കെ.എസ്.ആര്‍.ടി.സിയുടെ ചുരുക്കെഴുത്ത് ഉപയോഗിക്കാനുള്ള കേരള എസ്.ആര്‍.ടി.സിയുടെ അവകാശവാദം കോടതി തള്ളിയതായും കര്‍ണാടക കെ.എസ്.ആര്‍.ടി.സി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

 

webdesk13: