X

2019ല്‍ രാഹുല്‍ ഗാന്ധി നയിക്കണം; കര്‍ണാടക വിജയത്തിനുശേഷം കുമാരസ്വാമി

ബംഗളൂരു: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റിനെ രൂപപ്പെടുത്തുന്നതിന്റെ ആദ്യവെടിപൊട്ടിക്കലാണ് കര്‍ണാടകയില്‍ ഉണ്ടായിരുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആ ലക്ഷ്യത്തിലേക്ക് എത്താനായി വിശാല സഖ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് കൂട്ടുകെട്ട് ഒരു തുടക്കം മാത്രമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തങ്ങള്‍ ഒരു മിച്ച് നിന്നാല്‍ 28 ലോക്സഭാ സീറ്റുകളും നേടും. അതാണ് ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നും കുമാരസ്വാമി പറഞ്ഞു.

‘ഞങ്ങള്‍ ഇന്നു ജയിച്ചുവെന്നതുകൊണ്ടുള്ള പൊള്ളയായ പൊങ്ങച്ചം പറച്ചിലല്ല ഇത്. ഇത് ഞങ്ങള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ്. ഈ വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല.’ എന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ മോദി ഒരു ‘ഘടകം’ തന്നെ അല്ലെന്നും. ്അദ്ദേഹത്തിന് എന്തിലാണ് കഴിവുള്ളതെന്ന് ജനങ്ങള്‍ മനസിലാക്കിയെന്നും കുമാരസാമി പറഞ്ഞു. വിശാല സഖ്യമായിരുക്കം 2019 ലെ സര്‍ക്കാറെന്നാണ് രാഷ്ട്രീയ വിശകലനം. വിശാല സഖ്യത്തെ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞതായും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

വിശാല സഖ്യത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യത്തെ കുറിച്ചു കുമാരസ്വാമി അഭിപ്രായം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായി എനിക്ക് വ്യക്തി ബന്ധമുണ്ട്. രാഹുല്‍ഗാന്ധി വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയക്കാരനാണ്.
അദ്ദേഹം വളരെ സത്യസന്ധനും ആത്മാര്‍ത്ഥത കാണിക്കുന്നതുമായ നേതാവാണെന്നും, കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കർണാടകയിൽ രണ്ടു​ നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു​ ലോക്​സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെര​െഞ്ഞടുപ്പി​ൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. ദീപാവലി ദിനത്തില്‍ ബിജെപിക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍.

മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ഷിമോഗ, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ സീറ്റുകളില്‍ രണ്ടിലും കോണ്‍ഗ്രസ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജമഖണ്ഡിയില്‍ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ യെദ്യൂരപ്പവിജയിച്ച ബിജെപിയുടെ സിറ്റിങ് സീറ്റായ ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്ര പതിനായിരം വോട്ടുകള്‍കള്‍ക്ക് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് ജെ.ഡി.എസ് നേടിക്കഴിഞ്ഞു.

വര്‍ഷങ്ങളായി ബിജെപിയുടെ കുത്തക സീറ്റായിരുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം ഉറപ്പിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയുടെ വിജയക്കുതിപ്പോടെ ബെല്ലാരിയില്‍ തകര്‍ന്നടിഞ്ഞത് ഒന്നര പതിറ്റാണ്ട് നീണ്ട ബി.ജെ.പി യുഗം. രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുണ്ട്.

ബെല്ലാരിയിലെ എട്ട് അസംബ്ലി മണ്ഡലങ്ങളില്‍ ആറും സ്വന്തമാക്കിയിരിക്കുന്നത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ്. ബെല്ലാരിയില്‍ ബിജെപി നേതാവ് ബി. ശ്രീരാമുലുവിന്റെ സഹോദരി വി. ശാന്തയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ബി. ശ്രീരാമുലു എംപി സ്ഥാനം രാജി വച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. റെഡ്ഡി സഹോദരന്‍മാരുടെയും ശ്രീരാമുലുവിന്റെയും തട്ടകമായിരുന്ന ബെല്ലാരിയിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 1999ല്‍ സോണിയ ഗാന്ധിയാണ് ബെല്ലാരിയില്‍ നിന്ന് ജയിച്ച അവസാന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

പിന്നീട് ബിജെപി നേതാവ് സുഷമ സ്വരാജിനും ബെല്ലാരി സ്ഥാനാര്‍ത്ഥിത്വം നല്‍കി. ഇലക്ഷനില്‍ ജയം ബിജെപിയ്ക്കായിരുന്നു. പിന്നീട് ബെല്ലാരിയില്‍ ബിജെപി തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപിയ്ക്ക് വന്‍വെല്ലുവിളി ഉയര്‍ത്തി ബെല്ലാരി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. 2019ലെ ദേശീയ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഈ ഉപതെരഞ്ഞെടുപ്പ് ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യരും ഡികെ ശിവകുമാറും ശക്തമായ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ട്. ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡികെ ശിവകുമാര്‍.

chandrika: