കാസര്‍കോട്: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്.
അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ ജനങ്ങളുട ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്ന് ജനങ്ങള്‍ പറയുന്നു.