ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.
നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.
കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.