ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. ജെ.ഡി.എസില്‍ നിന്നും കൂറു മാറുന്നതിനായി തനിക്ക് ബി.ജെ.പി അഞ്ചു കോടി രൂപ അഡ്വാന്‍സ് നല്‍കിയതായി കോലാറില്‍ നിന്നുള്ള ജെ.ഡി.എസ് എം. എല്‍. എ ശ്രീനിവാസ ഗൗഡയാണ് വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെ ഇറക്കുന്നതിനായി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം. എല്‍. എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായുള്ള ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്. ബി.ജെ.പി എം. എല്‍. എമാരായ അശ്വത് നാരായണന്‍, സി.പി യോഗേശ്വര്‍, വിശ്വനാഥ് എന്നിവര്‍ 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തതായും ഇതിന്റെ ആദ്യപടിയായി അഞ്ചു കോടി രൂപ നല്‍കിയതായും ബാക്കി ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നല്‍കാമെന്നു ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി കുമാര സ്വാമിയുടെ നിര്‍ദേശം അനുസരിച്ച് പണം താന്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി ആര്‍ അശോകിന് തിരിച്ച് നല്‍കിയതായും അദ്ദേഹം പറഞ്ഞു. രണ്ട് മാസം മുമ്പാണ് ഇത്തരത്തിലൊരു വാഗ്ദാനം നല്‍കിയതെന്നും അതിന് ശേഷം തന്നെ നിരന്തരം ബി.ജെ.പി നേതാക്കള്‍ പ്രലോഭിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേ സമയം കുമാര സ്വാമി പുറത്ത് വിട്ട ഗുര്‍മിത്കല്‍ എം. എല്‍.എ നാഗനഗൗഡയുടെ മകന്‍ ശാരനഗൗഡക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ട് യെദ്യൂരപ്പയുടെ ടെലിഫോണ്‍ സംഭാഷണം വ്യാജമാണെന്ന ആരോപണത്തില്‍ നിന്നും യെദ്യൂരപ്പ മലക്കം മറിഞ്ഞു. ചിലപ്പോള്‍ താന്‍ അത്തരത്തില്‍ സംസാരിച്ചിട്ടുണ്ടാവാമെന്നും എന്നാല്‍ സംഭാഷണത്തിലെ പ്രധാന ഭാഗം ഒഴിവാക്കിയാണ് അദ്ദേഹം പുറത്തു വിട്ടതെന്നും, കുമാരസ്വാമിയാണ് ശാരനഗൗഡയെ തന്നെ കാണാന്‍ അയച്ചതെന്നും യെദ്യൂരപ്പ ആരോപിച്ചു.