ബംഗളൂരു: കര്‍ണാകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍. പാര്‍ട്ടിക്കകത്തെ പടലപ്പിണക്കങ്ങള്‍ തീര്‍പ്പാക്കാനാവാതെ വന്നതോടെയാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഗോവിന്ദ് മക്തപ്പ, അശ്വത് നാരായണ്‍, ലക്ഷ്മണ്‍ സംഗപ്പ സവാദി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. മക്തപ്പക്ക് പി.ഡബ്ലു.ഡി വകുപ്പും നാരയണ്‍, സാവദി എന്നിവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും, ഗതാഗത വകുപ്പുമാണ് അനുവദിച്ചിട്ടുള്ളത്. 17 മന്ത്രിമാരെ നിയമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിനൊപ്പം മൂന്ന് ഉപമുഖ്യമന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ത്. പാര്‍ട്ടിയിലെ മുതിര്‍ന്ന എം.എല്‍.എമാര്‍ മന്ത്രിസ്ഥാനത്തിനായി മുറവിളി കൂട്ടുന്ന പശ്ചാതലത്തിലാണ് മൂന്നു പേരെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. ഇതില്‍ സവാദി തെരഞ്ഞെടുപ്പില്‍ തോറ്റയാളാണ്. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തുണ്ട്. ക്യാബിനറ്റ് ബര്‍ത്ത് ലഭിക്കാത്തവര്‍ സര്‍ക്കാറിനെ മറിച്ചിടുമെന്ന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി യെദിയൂരപ്പ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും.
അതിനിടെ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷം പോലും തികക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ കാലാവധി തികക്കില്ലെന്നും ഇടക്കാല തെരഞ്ഞെടുപ്പ് ഏത് സമയത്തും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനു വേണ്ടി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യെദിയൂരപ്പ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് ബി.ജെ.പിക്കു പോലും വിശ്വാസമില്ല. അയോഗ്യരാക്കിയ 17 പേരെയുമായി എത്ര കാലം സര്‍ക്കാറിന് മുന്നോട്ടു പോകാനാവുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമതരുമായി എത്രകാലം മുന്നോട്ടു പോകും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ യെദിയൂരപ്പ ഭരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പിന്തുണയില്ലാതെയാണ് യെദിയൂരപ്പ ഭരിക്കുന്നത്. അധികാരത്തിലെത്താന്‍ കുതിരക്കച്ചവടം നടത്തിയ ബി.ജെ.പിയെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
14 മാസം നീണ്ടു നിന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ബി.ജെ.പി മറിച്ചിട്ടിരുന്നു. തുടര്‍ന്ന് ജൂലൈ 26ന് അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാര്‍ മൂന്നാഴ്ച പിന്നിട്ടതോടെയാണ് മന്ത്രിസഭ വികസിപ്പിച്ചത്. മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ കലാപക്കൊടി ഉയര്‍ത്തി നിരവധി മുതിര്‍ന്ന എം.എല്‍.എമാര്‍ രംഗത്തെത്തിയത് യെദിയൂരപ്പക്ക് തലവേദനയായിട്ടുണ്ട്. ഇതിന് പുറമെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. സഖ്യ കക്ഷി മന്ത്രിസഭയുടെ തകര്‍ച്ചക്ക് ജെ.ഡി.എസ് നേതൃത്വം തന്നെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിക്കും അറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.