X

സാരിക്ക് 17 കോടി; ബിജെപി നേതാവിന്റെ മകളുടെ വിവാഹ ചെലവ് 500 കോടി

ബംഗളൂരു: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ ചില്ലറ ക്ഷാമം രൂക്ഷമായ രാജ്യത്ത് കോടികള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹം വാര്‍ത്തയിലിടം പിടിക്കുന്നു.

ഖനി വ്യവസായിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് കോടികളുടെ ആറാട്ടില്‍ പൊടിപൊടിക്കുന്നത്. കര്‍ണാടകം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് വിവാഹചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.

കുടുംബക്കാര്‍ ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍സിഡി ക്ഷണക്കത്ത് നേരത്തെ ചര്‍ച്ചയായിരുന്നു.

ശനിയാഴ്ച നടന്ന മൈലാഞ്ചി കല്യാണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. നാളെയാണ് കല്യാണം.

വിവാഹദിവസം വധു അണിയുന്ന സാരിക്ക് 17 കോടി രൂപയാണ് വില. ഇതില്‍ 90 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും അണിയിക്കും. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എട്ടു തന്ത്രികളാണ് വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നത്.


ബംഗളൂരുവിലെ 36 ഏക്കറിലുള്ള പാലസ് ഗ്രൗണ്ടില്‍ സുവര്‍ണ കൊട്ടാരമാതൃക ഒരുക്കിയാണ് വിവാഹവേദി അലങ്കരിച്ചിരിക്കുന്നത്.

കൊട്ടാരത്തിന് മാത്രമായി 150 കോടി ചെലവഴിച്ചതായാണ് വിവരം. കല്യാണ മണ്ഡപമാകട്ടെ ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലും. റെഡ്ഡി പഠിച്ച സ്‌കൂളിന്റെ മാതൃകയും വിവാഹവേദിയില്‍ ഒരുക്കിയിട്ടുണ്ട്.


14-ാം നൂറ്റാണ്ടിലെ രാജാവ് കൃഷ്ണദേവരായരുടെ പുനരവതാരമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന റെഡ്ഡി ദേവരായരുടെ സുവര്‍ണ കൊട്ടാരത്തിന്റെ മാതൃകയില്‍ തന്നെയാണ് കൊട്ടാരം പണിതത്.

ബോളിവുഡിലെ പ്രമുഖ കലാസംവിധായകരുടെ മേല്‍നോട്ടത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് സുവര്‍ണ കൊട്ടാരം നിര്‍മിച്ചത്. നടന്‍ ഷാരൂഖ് ഖാനും കത്രീന കൈഫും അവതരിപ്പിക്കുന്ന പരിപാടിയാണ് ചടങ്ങിലെ മറ്റൊരു പ്രത്യേകത.

ബെല്ലാരി രാജാവെന്ന ജനാര്‍ദ്ദന റെഡ്ഡി

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 2011ല്‍ സിബിഐ അറസ്റ്റു ചെയ്ത വ്യക്തിയാണ് ബെല്ലാരി രാജാവെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജനാര്‍ദ്ദന റെഡ്ഡി. 2014ല്‍ റെഡ്ഡിയുടെയും ഭാര്യയുടെയും പേരിലുള്ള 37.86 കോടി രൂപയുടെ സ്വത്തും കണ്ടുക്കെട്ടിയിരുന്നു.

കോടികളുടെ നികുതി വെട്ടിപ്പും ഇയാള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. രാജ്യം കറന്‍സി പ്രശ്‌നത്തില്‍ ഉഴലുമ്പോഴും ബിജെപി നേതാവ് കോടികള്‍ ചെലവഴിച്ച് വിവാഹം നടത്തുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ക്കിടയില്‍ തന്നെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

ആഡംബര കല്യാണത്തിനു പിന്നില്‍ കള്ളപ്പണമാണെന്നും മോദി ഉള്‍പ്പെടെ ബിജെപി നേതൃത്വം മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അതിനിടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

chandrika: