X

കര്‍ണാടക ബന്ദ്: 44 വിമാനങ്ങള്‍ റദ്ദ് ചെയ്തു, സ്‌കൂളുകള്‍ക്ക് അവധി, കാവേരി വിഷയത്തില്‍ വ്യാപകപ്രതിഷേധം

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന കര്‍ണാടക ബന്ദ് ജനജീവിതത്തെ ബാധിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തില്‍ വിവിധ സംഘടനകളുടെ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരുവിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് മറ്റു വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചിക്മാംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ബൈക്കുകളില്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു.

ഇന്നു പുലര്‍ച്ചെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്ററന്റ് ഉടമകള്‍, ഓല, ഊബര്‍ െ്രെഡവര്‍മാരുടെ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷാ ഉടമകള്‍, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

webdesk13: