X
    Categories: indiaNews

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പിയില്‍ തര്‍ക്കം മുറുകുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ആദ്യഘട്ട പട്ടിക പുറത്തിറക്കി ജെ.ഡി.എസും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം പിടിക്കുമ്പോള്‍ സീറ്റ് നിര്‍ണയ ചര്‍ച്ചയില്‍ വട്ടംകറങ്ങി ബി.ജെ.പി. നേതാക്കള്‍ തമ്മില്‍ സീറ്റിനു വേണ്ടിയുള്ള പിടിവലി തുടരുന്നതാണ് ബി.ജെ.പിയുടെ പട്ടിക എങ്ങുമെത്താത്തിനു പിന്നില്‍. തര്‍ക്കങ്ങളില്ലെന്നും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ 2019ല്‍ കുമാരസ്വാമി സര്‍ക്കാറിനെ വീഴ്ത്താന്‍ ജെ. ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടിച്ചവരെ എവിടെ ഉള്‍പ്പെടുത്തുമെന്നതാണ് ബി.ജെ.പിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.

കൂറു മാറിയെത്തിയവര്‍ക്ക് സീറ്റു നല്‍കണമെന്ന ഉറച്ച നിലപാടിലാണ്, കുമാര സ്വാമി സര്‍ക്കാറിനെ വീഴ്ത്താന്‍ മുന്നില്‍ നിന്ന് കരുനീക്കിയ വിമത ബി.ജെ.പി നേതാവ് രമേശ് ജിര്‍ക്കഹോളിയുടെ ആവശ്യം. തനിക്കൊപ്പം നിന്ന മഹേഷ് കൂമത്തള്ളി, ശ്രീമന്ത് പാട്ടീല്‍ എന്നിവര്‍ക്ക് യഥാക്രമം അത്തണി, കാഗ്വാഡ് സീറ്റുകള്‍ ആണ് ജിര്‍ക്കഹോളി ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തണിക്കായി മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവഡിയും അവകാശം ഉന്നയിച്ചിട്ടുണ്ട്. കാഗ് വാഡ് സീറ്റിനും ഒന്നിലധികം ആവശ്യക്കാരുണ്ട്.

പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും ഇതും ഫലം ചെയ്തില്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്. തര്‍ക്കം രൂക്ഷമായതോടെ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് യദ്യൂരപ്പ ഇറങ്ങിപ്പോയിരുന്നു. യദ്യൂരപ്പ ഇത്തവണ മത്സര രംഗത്തില്ലെങ്കിലും മകന്‍ വിജയേന്ദ്രക്കുവേണ്ടി ശക്തമായ കരുനീക്കമാണ് അദ്ദേഹം നടത്തുന്നത്. താന്‍ നിരവധി തവണ മത്സരിച്ച് ജയിച്ച ശിവമൊഗ്ഗ ജില്ലയിലെ ശികാരിപുര മണ്ഡലത്തില്‍ വിജയേന്ദ്രയെ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് യദ്യൂരപ്പ നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഇതിനിടെ മുന്‍ മുഖ്യമന്ത്രി സിദ്ദാരാമയ്യക്കെതിരെ വരുണ മണ്ഡലത്തില്‍ വിജയേന്ദ്രയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എതിര്‍ചേരി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും യദ്യൂരപ്പ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറി.

ശികാരിപുര വിട്ട് വിജയേന്ദ്ര എവിടേയും പോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ വിട്ടു നില്‍ക്കുമ്പോഴും തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പരമാവധി സീറ്റ് നേടിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളാണ് യദ്യൂരപ്പ നടത്തുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍കൈ നേടാന്‍ എതിര്‍ കക്ഷികള്‍ക്ക് അവസരം ഒരുക്കും എന്നതു മാത്രമല്ല, അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി ഉടലെടുക്കുന്ന തര്‍ക്കം തിരഞ്ഞെടുപ്പിലെ സാധ്യതകളെ തന്നെ ബാധിക്കും എന്നതും മുന്നില്‍ കണ്ട് ഏതുവിധേയനയും പട്ടിക തട്ടിക്കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം.

 

webdesk11: