ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിദ്ധരാമയ്യ മോദിയെ കടന്നാക്രമിച്ചത്. മോദി കര്‍ണാടകയില്‍ നല്‍കുന്ന വാഗ്ദാനങ്ങളും പാഴായിപ്പോവാന്‍ മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ല, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലെത്തിക്കുമെന്ന വാഗ്ദാനവും പാഴായി, നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്തതെന്നും സിദ്ധരാമയ്യ പറയുന്നു.
യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലെത്തിയത്. എന്നിട്ടിപ്പോള്‍ അവരോട് പക്കോഡ വില്‍ക്കാന്‍ പറയുകയാണ് മോദിയും അമിത് ഷായും ചെയ്തതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഴിമതി രഹിത ഭരണമാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ട് ബാങ്കുകള്‍ പോലും കൊള്ളയടിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.