X

കര്‍ണാടക തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ യദ്യൂരപ്പയെ വെട്ടി ബെല്ലാരി ബ്രദേഴ്‌സ്

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്‌സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്‌സസ് ബെല്ലാരി ബ്രദേഴ്‌സ് എന്ന നിലയിലേക്ക് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിത്തുടങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടേയും റാലികളുടേയും നിയന്ത്രണം റെഡ്ഡി സഹോദരങ്ങള്‍ കീഴടക്കിയതോടെയാണ് ചിത്രങ്ങള്‍ ബി.ജെ.പി ഒരിക്കല്‍കൂടി അഴിമതിക്കാരുടെ കൂടാരമായി മാറിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റെഡ്ഡി കളത്തിന് പുറത്തായിരുന്നു. അഴിമതി കേസില്‍ അകപ്പെട്ടവരെ കൂടെ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ ചിത്രങ്ങള്‍ മാറി. ജനാര്‍ദ്ദന റെഡ്ഡിയെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴു സീറ്റ് ബെല്ലാരി റിപ്പബ്ലിക്കിന് വിട്ടു കൊടുത്ത് യദ്യൂരപ്പ കൂറു തെളിയിച്ചു. തൊട്ടു പിന്നാലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും യദ്യൂരപ്പയേക്കാള്‍ വലിയ ക്യാമ്പയിനായി ജനാര്‍ദ്ദന റെഡ്ഡി പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് യദ്യൂരപ്പ ചിത്രത്തില്‍നിന്ന് മാഞ്ഞത്. ബി ശ്രീരാമുലുവിന് വേണ്ടി മാത്രമാണ് ജനാര്‍ദ്ദന റെഡ്ഡി പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം ബി.ജെ.പിയുടെ ഔദ്യോഗിക ക്യാമ്പയിനര്‍ അല്ലെന്നുമാണ് യദ്യൂരപ്പ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ബെല്ലാരിക്കു പുറമെ അയല്‍ ജില്ലകളായ ചിത്രദുര്‍ഗയിലും റായ്ച്ചൂരിലും ബി.ജെ.പിയുടെ മുഖ്യ പ്രചാരക വേഷത്തിലുള്ളത് റെഡ്ഡിയാണ്. നേരിട്ടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് പിന്‍വാതില്‍ വഴി റെഡ്ഡി സഹോദരങ്ങളേയും അവരുടെ പണക്കൊഴുപ്പിനെയും തന്നെ ആശ്രയിക്കാനുള്ള യദ്യൂരപ്പയുടേയും ബി.ജെ.പിയുടേയും നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

ബെല്ലാരി കേന്ദ്രീകരിച്ചുള്ള ഇരുമ്പയിര്‍ കൊള്ളക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയും സഹോദരങ്ങളും ഉള്‍കൊള്ളുന്ന ബെല്ലാരി ബ്രദേഴ്‌സ്. റെഡ്ഡി സഹോദരങ്ങളുടെ പണക്കൊഴുപ്പിലാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം പിടിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു. യദ്യൂരപ്പ സര്‍ക്കാറില്‍ ജനാര്‍ദ്ദന റെഡ്ഡി മന്ത്രിയാവുക കൂടി ചെയ്തതോടെ ഖനി മാഫിയ ഇടപെടല്‍ കൂടുതല്‍ ശക്തമായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ യദ്യൂരപ്പ സര്‍ക്കാറിനെയും റെഡ്ഡി സഹോദരങ്ങളെയും ഒരേപോലെ വെട്ടിലാക്കി. ബെല്ലാരിയില്‍നിന്നുള്ള അനധികൃത ഇരുമ്പയിര്‍ കടത്തുമായി ബന്ധപ്പെട്ട് 35,000 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് യദ്യൂരപ്പ് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത്.

ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തില്‍ ബെല്ലാരി സഹോദരങ്ങളുടെ അഴിമതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.ലോകായു്ക്ത റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനാര്‍ദ്ദന റെഡ്ഢി ഉള്‍പ്പെടെയുള്ളവരും ജയിലിലായി. ഇതോടെ ബെല്ലാരി സഹോദരങ്ങള്‍ സിദ്ധാരാമയ്യക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തി. ബെല്ലിരായില്‍ കടക്കാന്‍ സിദ്ധാരാമയ്യയെ വെല്ലുവിളിച്ച ജനാര്‍ദ്ദന റെഡ്ഡി, വധഭീഷണി വരെ മുഴക്കുകയും ചെയ്തു. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൂട്ടി 350 കിലോമീറ്റര്‍ ബെല്ലാരിയിലേക്ക് പദയാത്ര നടത്തിയാണ് സിദ്ധാരാമയ്യ ഈ വെല്ലുവിളിക്ക് മറുപടി നല്‍കിയത്.

2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്തോടെ നാലു വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞ ജനാര്‍ദ്ദന റെഡ്ഡി ഇടക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും സിദ്ധാരാമയ്യ സര്‍ക്കാര്‍ പുതിയ കേസുകളില്‍ വീണ്ടും അകത്താക്കി. ഇതോടെയാണ് സിദ്ധാരാമയ്യയോടുള്ള ശത്രുത റെഡ്ഡി സഹോദരങ്ങളില്‍ വര്‍ധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഏറ്റുമുട്ടുന്നത് താനും സിദ്ധാരാമയ്യയും നേരിട്ടായിരിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി ഒരു ഘട്ടത്തില്‍ പരസ്യ വെല്ലുവിളി മുഴക്കുകയും ചെയ്തു.

chandrika: