X

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം; പുതിയ സഖ്യത്തിന് നീക്കം

ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്കുമെതിരെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുനീക്കം. നിലവിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ കച്ചകെട്ടിയിറങ്ങുന്ന ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകുന്ന രീതിയില്‍ മതേതര വോട്ടുകള്‍ ഭിന്നപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രധാനത്തോടെയാണ് നോക്കിക്കാണുന്നത്.

അതേസമയം നേരത്തെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ട്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ.ഡി.യു(എസ്) ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.എം, സി.പി.ഐ എന്നിവരുമായി ചര്‍ച്ചക്കൊരുങ്ങുന്നതായാണ് വിവരം.

വിഷയത്തില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വെള്ളിയാഴ്ച നേതാക്കളുമായുള്ള സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനതാദള്‍ എസുമായി സഖ്യവിഷയം ചര്‍ച്ച ചെയ്യാനാണ് ഇരു നേതാക്കളും ആലോചിക്കുന്നത്. ‘സഖ്യം സംബന്ധിച്ച് സീതാറാം യെച്ചൂരിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ ഇരുവരും ജനതാദള്‍ എസുമായി കൂടിയാലോചിക്കാനുളള തീരുമാനത്തിലാണ്’, സുധാകര്‍ റെഡ്ഡി പറഞ്ഞു.

വിഷയത്തില്‍ കര്‍ണാടക സി.പി.എം നേതാക്കളുമായി കൂടിയാലോചിക്കാന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റിക്ക് സുധാകര്‍ റെഡ്ഡി നിര്‍ദ്ദേശം നല്‍കി. മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ നേരത്തേ തന്നെ ഇടതുപക്ഷവുമായി സഖ്യത്തിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞിരുന്നു.

നേരത്തേ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ ജനതാദള്‍ എസ് മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലെത്താനായി തീരുമാനത്തിലെത്തിയിരുന്നു. 224 അംഗ നിയമസഭയില്‍ ജെ.ഡി.എസ് 204 സീറ്റിലും ബി.എസ്.പി 20 സീറ്റിലും മല്‍സരിക്കും. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഈ മാസം 17ന് ബംഗളൂരുവില്‍ എച്ച്.ഡി ദേവഗൗഡയും മായാവതിയും ചേര്‍ന്ന് നിര്‍വഹിക്കും. രാജ്യത്ത് ആദ്യമായാണ് ബി.എസ്.പി-ജെ.ഡി.എസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്രയും ജെ.ഡി.എസ് ദേശീയ ജന.സെക്രട്ടറി ഡാനിഷ് അലിയും വ്യക്തമാക്കിയത്. ദേശീയ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളെ അവഗണിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

chandrika: