ബംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനമായി ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം മൂന്നു മണിവരെ 56 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാലുടനെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഏജന്‍സികള്‍ പുറത്തുവിടും. ഇതോടെ കര്‍ണാടകയില്‍ വരാനിരിക്കുന്ന അഞ്ചു ആരു ഭരിക്കുമെന്ന ഏകദേശ ചിത്രം മനസ്സിലാവും.
നേരത്തെ പല സര്‍വേ ഫലങ്ങളും സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി 90 മുതല്‍ 105 സീറ്റുവരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രവച്ചിച്ചിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്കൂട്ടലിലാണ്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങള്‍ നടന്നായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്കു പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പയാണ് ഇതുസംബന്ധിച്ച പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്.
കര്‍ണാടകയില്‍ 4.9 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാനാവകാശം നിര്‍വഹിക്കുക. 2013നേക്കാള്‍ 12 ശതമാനം വോട്ടര്‍മാരാണ് വര്‍ധിച്ചത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വെച്ചതിനാല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്.
ബംഗളൂരുവിലെ ഫഌറ്റില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്ക് മാറ്റി. ഇവിടെ 31നാണ് വോട്ടെണ്ണല്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ ജയാനഗര്‍ മണ്ഡലത്തിലെയും വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.