X

എങ്ങുമെത്താതെ കര്‍’നാടകം’; ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെന്ന് സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം മുള്‍മുനയില്‍ തന്നെ. ഇരുപക്ഷവും പിടിവാശി വിടാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കര്‍ണാടക നിയമസഭാ നടപടികള്‍ക്ക് അര്‍ധരാത്രിയോടെ അവസാനമായി. ചൊവ്വാഴ്ച വൈകി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വ്യക്തമാക്കിയതോടെയാണ് എങ്ങുമെത്താതെ
കര്‍’നാടകത്തിന് തത്കാലം വിരാമമായത്. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാകണം. തുടര്‍ന്നാവും വിശ്വാസവോട്ടെടുപ്പ് നടക്കുക.

രാത്രി വൈകിയും തുടര്‍ന്ന സഭയില്‍ വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടരവെ തന്നെ വോട്ടെടുപ്പ് വേഗത്തിലാക്കാന്‍ ബി.ജെ.പിയും സാവകാശം ലഭിക്കാന്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കളും ശക്തമായ ചരടുവലികളാണ് നടത്തി. ഭരണ – പ്രതിപക്ഷ വാക്‌പോരില്‍ പ്രക്ഷുബ്ധമായ സഭ പലതവണ നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇതിനിടെ നിയമസഭയിലെത്താന്‍ സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണവുമായി വിമത എം.എല്‍.എമാര്‍ രംഗത്തെത്തിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി എം.ബി പാട്ടീല്‍ ഡി.ജി.പിയേയും സിറ്റി പൊലീസ് കമ്മീഷണറേയും വിളിച്ചുവരുത്തി വിശദീകരണം തേടി. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ട്രാഫിക് പൊലീസും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി ഇക്കാര്യം സഭയില്‍ വിശദീകരിച്ചെങ്കിലും വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ജെ.ഡി.എസ് എം.എല്‍.എ എ.ടി രാമസ്വാമി സഭയില്‍നിന്നിറങ്ങിപ്പോയി. ആഭ്യന്തരമന്ത്രി കള്ളം പറയുമ്പോള്‍ താനെന്തിന് സഭയില്‍ ഇരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ വിശ്വാസ വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എ.ടി രാമസ്വാമി സ്പീക്കറെയും നേരില്‍ കണ്ടു. ധൃതിയില്ലെന്നും നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞാണ് സ്പീക്കര്‍ അദ്ദേഹത്തെ തിരിച്ചയച്ചത്. പുലര്‍ച്ചെ വരെ സഭയിലിരിക്കാന്‍ ഒരുക്കമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഓഫീസിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഉച്ചക്കു ശേഷം ഏറെനേരം കുമാരസ്വാമി സഭയില്‍നിന്ന് വിട്ടുനിന്നത് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണെന്ന അഭ്യൂഹം ശക്തമാക്കി. കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും മുതിര്‍ന്ന നേതാക്കളെ സ്പീക്കര്‍ അനുരഞ്ജന ചര്‍ച്ചക്കു വിളിച്ചെങ്കിലും ഫലം കണ്ടില്ല. ബി.ജെ.പി നേതാക്കളുമായും സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു അവര്‍ ഉറച്ചുനിന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

chandrika: