മൈസൂര്‍: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷവുമായി മുന്നോട്ട് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കന്നഡ കള്‍ച്ചറല്‍ മന്ത്രി ഉമാശ്രീയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തി ആഘോഷം വി.എച്ച്.പിയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ട് ഇപ്രാവശ്യം സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷത്തിന് മുതിരില്ലെന്നായിരുന്നു അഭിപ്രായം. എതിര്‍പ്പുകളെ അവഗണിച്ച് ടിപ്പു ജയന്തിയുമായി ഈ വര്‍ഷവും മുന്നോട്ട് പോകും. നവംബര്‍ 10നാണ് ആഘോഷം.
കഴിഞ്ഞ വര്‍ഷം കര്‍ണാടക മൈനോറിറ്റി വകുപ്പായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. കുറച്ചുകൂടി മതേതര കാഴ്ചപ്പാട് പുലര്‍ത്താനാണ് ഈ വര്‍ഷത്തെ ആഘോഷം കന്നഡ കള്‍ച്ചറല്‍ വകുപ്പിന് കീഴിലാക്കിയത്. മന്ത്രി ഉമാശ്രീക്ക് പുറമെ മന്ത്രിമാരായ തന്‍വീര്‍സേട്ട്, ആരിഫ് ബെയ്ഗ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ശൃംഗേരി മഠാധിപതി സ്വാമികള്‍, വീരഭദ്ര ചെന്നമല നിടുമാമിടി മഠാധിപതി സ്വാമികള്‍, പേജവാര്‍ മഠാധിപതി സ്വാമികള്‍ എന്നിവരെ കൂടി പങ്കെടുപ്പിച്ചായിരിക്കും ജയന്തി ആഘോഷം. ശൃംഗേരി മഠാധിപതി സ്വാമികള്‍ ആശ്രമത്തില്‍ വര്‍ഷംതോറും നടക്കുന്ന ടിപ്പുസുല്‍ത്താന്‍ ആരതിയില്‍ പങ്കെടുക്കാറുണ്ടെന്നും അതുകൊണ്ടാണ് സ്വാമികളെ ക്ഷണിക്കുന്നതെന്നും മന്ത്രി ആരിഫ് ബെയ്ഗ് പറഞ്ഞു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ടിപ്പുസുല്‍ത്താന്‍ നല്‍കിയ സഹായങ്ങളെ മാനിച്ചാണ് ടിപ്പുവിനുവേണ്ടി ആരതി നടത്തുന്നത്. അതേസമയം ടിപ്പു ജയന്തി ആഘോഷത്തെ എതിര്‍ക്കുമെന്ന് സംഘ്പരിവാര്‍ വ്യക്തമാക്കി.
മുസ്‌ലിംകള്‍ ഇത്തരമൊ രു ആഘോഷം ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ട് ആഘോഷം സംഘടിപ്പിക്കുകയാണെന്നും സംഘ്പരിവാര്‍ കുറ്റപ്പെടുത്തി.