X
    Categories: CultureMoreViews

കന്നഡയില്‍ ഇനി കാത്തിരിപ്പ്

ബംഗളൂരു/മൈസൂരു: വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അവകാശ വാദങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പയുടെ പ്രതികരണം. അതേസമയം യദ്യൂരപ്പയുടെ മാനസിക നില തകരാറിലാണെന്ന് കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പരിഹസിച്ചു. കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്ത് അധികാരത്തില്‍ വരും. ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്. തന്റെ നേതൃത്വത്തില്‍ തന്നെ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസുരു ജില്ലയിലെ വരുണ നിയോജക മണ്ഡലത്തില്‍ മകന്‍ യതീന്ദ്രക്കൊപ്പം വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വരുമെന്ന അഭിപ്രായ സര്‍വേ ഫലങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രിക്കെതിരെയും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മാത്രം വീടുകള്‍ തെരഞ്ഞുപിടിച്ച് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് മോദി തോല്‍വി മുന്നില്‍ കണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി ഉറപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭയമാണ് മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ 6-65 സീറ്റില്‍ കൂടുതല്‍ ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കൂട്ടത്തോടെ കര്‍ണാടകയില്‍ എത്തി. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളേയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ബി.ജെ.പി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ചാമുണ്ഡേശ്വരി, ബദാമി മണ്ഡലങ്ങളിലാണ് യദ്യൂരപ്പ ജനവിധി തേടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: