X

കര്‍ണാടക: കേസില്‍ വിധി നാളെ; രാജിയില്‍ നാളെ തീരുമാനമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ വിധി പറയും. വിശദമായ വാദം കേള്‍ക്കലിനു ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്.

അയോഗ്യതയില്‍നിന്നു രക്ഷപെടാനാണ് എംഎല്‍എമാര്‍ രാജിക്കത്തു നല്‍കിയതെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയും മന്ത്രിമാരാവാനാണ് രാജിയെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധവാനും വാദത്തിനിടെ ചൂണ്ടിക്കാട്ടി.

വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും അയോഗ്യത കല്‍പ്പിക്കുന്നതിലും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജിവച്ച എം.എല്‍.എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് ചില പരിമിതികളുണ്ട്. സ്പീക്കര്‍ ഭരണഘടനാ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് അധികാരമുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വിമതര്‍ കോടതിയെ സമീപിച്ചത്.

തങ്ങളുടെ രാജി സ്പീക്കര്‍ ഉടന്‍ സ്വീകരിക്കണമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്ക് ആകില്ലെന്നും വിമതര്‍ക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു. രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനപൂര്‍വ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഒരു പ്രത്യേക ഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിപ്പിക്കുന്നു. എന്നാല്‍ തങ്ങള്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ തനിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു സ്പീക്കറുടെ വാദം. ഇക്കാര്യത്തില്‍ തന്റെ അധികാരം കോടതി മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായ പ്രശ്‌നങ്ങളുള്ള വിഷയത്തില്‍ തനിക്ക് ധൃതിപിടിച്ച് തീരുമാനമെടുക്കാന്‍ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ പ്രത്യേക ഹര്‍ജിയും നല്‍കിയിരുന്നു.

chandrika: