X
    Categories: indiaNews

ഓണത്തിന് സംഭവിച്ച തെറ്റ് ദസ്‌റക്ക് മൈസൂരുവില്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ണാടക മന്ത്രി

ബംഗളൂരു: കേരളത്തില്‍ ഓണത്തിന്റെ സമയത്ത് സംഭവിച്ച തെറ്റുകള്‍ ദസ്‌റക്ക് മൈസൂരുവില്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍. കേരളത്തിന് ഓണം എന്നതുപോലെ കര്‍ണാടകയില്‍ ദസ്‌റക്കും പ്രധാന്യമുണ്ട്. അതിനാല്‍ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായതുമായി ദസ്‌റ ആഘോഷിക്കാനാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്‌റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി വന്നു. അന്നത്തെ ശ്രദ്ധകുറവ് കാരണം കേരളത്തില്‍ എല്ലാ ദിവസവും 7,000 -8,000 കോവിഡ് കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്യുന്നു. അത്തരമൊരു തെറ്റ് ഇവിടെ ഒഴിവാക്കേണ്ടതുണ്ട്. അതാണ് ഇത്തവണ ലളിതമായ ദസ്‌റ ആഘോഷിക്കാന്‍ തീരുമാനിച്ചതിന് കാരണം മന്ത്രി സുധാകര്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മൈസൂരു ജില്ലാ അധികൃതര്‍ എന്നിവരുമായും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന ദസ്‌റ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്. കോവിഡ് മൂലം ഈ വര്‍ഷം ദസ്‌റ ലളിതമായ രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന് ആനകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി, പ്രധാന തെരുവുകളിലൂടെ അല്ലാതെ ഘോഷയാത്ര കൊട്ടാരം പരിസരത്ത് മാത്രമായി നടക്കും. എന്നിരുന്നാലും, ആഘോഷങ്ങള്‍ക്കായി ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ച് നഗരത്തിലെ പ്രധാന തെരുവുകളും കെട്ടിടങ്ങളും മന്ദിരങ്ങളും അണിയിച്ചൊരുക്കും.

 

chandrika: