ബാംഗളൂരു: കര്‍ണ്ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് തിരിച്ചടിയായി സീ ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വര്‍ദ്ധനവുണ്ടാവുമെന്ന് സര്‍വ്വേയില്‍ പറയുന്നു.
മാര്‍ച്ച് ഒന്നുമുതല്‍ 25വരെ നടത്തിയ അഭിപ്രായ സര്‍വ്വേ അനുസരിച്ചാണ് കോണ്‍ഗ്രസ് -126, ബി.ജെ.പി-70, ജെ.ഡി.എസ്-27 എന്ന് കണക്കാക്കുന്നത്. 154 അസംബ്ലി മണ്ഡലങ്ങളില്‍ നിന്നായി 22,357 വോട്ടര്‍മാരില്‍ നിന്നാണ് അഭിപ്രായസര്‍വ്വേ നടത്തിയത്. നഗരപ്രദേശങ്ങളിലെ 326 സ്ഥലങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലെ 977 പ്രദേശങ്ങള്‍ ഉള്‍പ്പെടെ 2,368 ബൂത്തുകളില്‍ നിന്നാണ് അഭിപ്രായം ശേഖരിച്ചത്. 2013-ലും കോണ്‍ഗ്രസ് 119 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്ന് സീ ഫോര്‍ സര്‍വ്വേ അഭിപ്രായപ്പെട്ടിരുന്നു. 122 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 40 സീറ്റുകളാണ് കര്‍ണ്ണാടകയില്‍ ലഭിച്ചത്.
ത്രിപുരയില്‍ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലൂടെ അധികാരത്തിലെത്തിയ ബിജെപി വലിയ പ്രാധാന്യമാണ് കര്‍ണാടക തെരഞ്ഞടുപ്പിനും നല്‍കുന്നത്. എന്നാല്‍ തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.