X

ഡി.കെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

മുംബൈ: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് 500 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു. അതേസമയം, കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഗവര്‍ണ്ണറുടെ ഓഫീസ് ബി.ജെ.പി ഓഫീസിനേക്കാള്‍ തരംതാഴ്ന്നുവെച്ച് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. 14 എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി എന്നാണ് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വാജുഭായി വാലക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാന്‍ തയ്യാറാകണമെന്ന് ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു.

വിശ്വാസ വോട്ടെടുപ്പിന്റെ പ്രശ്‌നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യദ്യൂരപ്പ പറഞ്ഞു. വിമതരുടെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടണം എന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. രാജിക്കത്തില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെയും ബിജെപി നേതാക്കള്‍ സമീപിക്കുന്നുണ്ട്.

chandrika: