ബാംഗളൂരു: ജെ.ഡി.എസ് -കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ചു. ഇതോടെ രാജിവച്ച വിമത എം.എല്‍.എമാരുടെ എണ്ണം 16 ആയി. സ്പീക്കറെ കണ്ട ശേഷം ബി.ജെ.പി നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സുധാകര്‍, എം.ടി.ബി നാഗരാജ് എന്നീ എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
അതേസമയം,വിമത എം.എല്‍.എമാരെ കാണാനായി മുംബയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.ബംഗളൂരുവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ സഖ്യസര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവര്‍ണര്‍ വാജുഭായ് വാലയെ സമീപിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും വിശ്വാസ വോട്ടെടുപ്പിന്റെ സാധ്യത ഉദിക്കുന്നില്ലെന്നും സംഘം ഗവര്‍ണറോട് വ്യക്തമാക്കി. എം.എല്‍.എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടണമെന്നും സംഘം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. നാല് പേജുള്ള നിവേദനവും സംഘം കൈമാറിയിട്ടുണ്ട്.