X

കരിമ്പനി; മണലീച്ചകളെ തുരത്താന്‍ ചങ്ങരോത്ത് സ്‌പ്രേ

കോഴിക്കോട്: കരിമ്പനി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ വീടുകളില്‍ അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.ആര്‍.എസ് സ്‌പ്രേ ചെയ്യും. പരിശോധനയില്‍ കരിമ്പനി പടര്‍ത്തുന്ന മണലീച്ചയുടെ സാന്നിധ്യം സൂപ്പിക്കട ഭാഗത്ത് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
എന്‍ഡമോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ തുടര്‍നടപടിയിലാണ് ഈ തീരുമാനത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്. നിപ്പ ഉറവിടമായതിന് പിറകെ കരിമ്പനിയും റിപ്പോര്‍ട്ട് ചെയ്തതാണ് ചങ്ങരോത്തിനെ വീണ്ടും ശ്രദ്ധേയമാക്കിയത്. സീനിയര്‍ എന്‍ഡമോളജിസ്റ്റ് അഞ്ജുവിശ്വന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിദഗ്ദധരെ കൂടാതെ പഞ്ചായത്ത് ഭാരവാഹികളും ഉണ്ടായിരുന്നു.
ഇവര്‍ രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധന നടത്തിയിരുന്നു. ഈ ഭാഗത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വളരുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍. വളര്‍ച്ചയെത്തിയ ഈച്ചകളെ സാധാരണ ഗതിയില്‍ കല്‍ച്ചുമരുകളുടെ ചെറുസുഷിരങ്ങളിലും അട്ടിയിട്ട പലകകളിലുമാണ് കണ്ടുവരുന്നത്.
ചാടിചാടിയാണ് ഇവ സഞ്ചരിക്കുന്നത്. ഒന്നര മുതല്‍ രണ്ടു മാസം വരെയാണ് ഒരു ഈച്ചയുടെ ആയുസ്സ്. ഇവിടെ നിന്ന് പിടികൂടിയ ഈച്ചകളെ കോട്ടയത്തെ വി.സി.ആര്‍.സിയില്‍ പരിശോധന നടത്തിയ ശേഷമേ കരിമ്പനി പിടിപ്പെട്ട ആള്‍ക്ക് ഈ പ്രദേശത്തു നിന്നുള്ള മണലീച്ചകളില്‍ നിന്നാണോ രോഗം പടര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവൂ.
അതിനിടെ മണലീച്ചകളിലൂടെ പകരുന്ന കരിമ്പനി രക്തം സ്വീകരിക്കുന്നതിലൂടെ പകരുകയില്ലെന്നും മണലീച്ചയുടെ കടിയേറ്റാണ് രോഗം പകരുന്നതെന്നും അഞ്ജു വിശ്വന്‍ പറഞ്ഞു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പിക്കട സ്വദേശി സുഖം പ്രാപിച്ചു വരികയാണെന്നും വരും ദിവസം ആസ്പത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.

chandrika: