പി.വി ഹസീബ്‌റഹ്മാന്‍
കൊണ്ടോട്ടി
വലിയ വിമാനങ്ങളുടെ പേരില്‍ കരിപ്പൂരിലെ റണ്‍വേ വികസനത്തിനുള്ള സ്ഥലമെടുപ്പിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അധികൃതര്‍ കാണാതെ പോവുന്നു. റണ്‍വേ മണ്ണിട്ട് ഉയര്‍ത്തുന്നതിന് മലയിടിക്കല്‍ അത്യാവശ്യമാണെന്നിരിക്കെ പാരിസ്ഥിതിക പഠനങ്ങള്‍ അനിവാര്യമാണന്നറിയിച്ച് വിവിധ സംഘടനകള്‍ ഇതിനകം രംഗത്ത് എത്തി.
വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിഴൊയിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമെതിരെ പാലക്കപ്പറമ്പ് പ്രദേശത്തുകാര്‍ നടത്തുന്ന റിലേ സത്യഗ്രഹം പത്തു ദിവസം പിന്നിട്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളു മടക്കം നിരവധി പേരാണ് കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയപ്പാടില്‍ സമരത്തില്‍ പങ്കാളികളായത്. ഇന്ന് ക്രോസ് റോഡ് പരിസരത്തു വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടും പൊതു സമ്മേളനത്തോടും കൂടി ജനകീയ സമരം ശക്ത മാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഭൂമി ഏറ്റെടുക്കുക വഴി റണ്‍വെടെ കിഴക്ക് ഭാഗത്തുള്ള ക്രോസ് റോഡ്, പടിഞ്ഞാറു ഭാഗത്തുള്ള കുമ്മിണി പറമ്പ് എയര്‍പോര്‍ട്ട് റോഡും പരിപൂര്‍ണമായി അടയും. റണ്‍വെ വികസനത്തിന്റെ ആദ്യ ഘട്ടത്തില്‍അടച്ചു പൂട്ടിയ കൂട്ടാലുങ്ങല്‍ മേലങ്ങാടി റോഡിന്റെ ബദല്‍ റോഡ് ആയാണ് ക്രോസ് റോഡ് ഉണ്ടാക്കിയത്. എന്നാല്‍ ക്രോസ് റോഡ് നഷ്ടമാകുന്നതോടെ റണ്‍വെയുടെ തെക്ക് ഭാഗത്ത് നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്ര ഏറെ ദുഷ്‌കരമാകും. കരിപ്പൂരില്‍ പുതിയ അഭ്യന്തര ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള പ്രൊപോസല്‍ എയര്‍ പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ചിട്ടുണ്ട് തറയിട്ടാല്‍ കുമ്മിണി പറമ്പിനു അഭിമുഖമായാണ് പുതിയ ടെര്‍മിനല്‍ പണിയുന്നത്. ഇതിനായി വീണ്ടുമൊരു സ്ഥലമെടുപ്പ് വേണ്ടി വരും. റണ്‍വെ വികസനത്തി നായി സ്ഥലം മണ്ണിട്ട് ഉയര്‍ത്തുന്നതിന് ആയിരക്കണക്കിന് ലോഡ് മണ്ണ് ആവശ്യമായി വരും.
മുന്‍ കാലങ്ങളില്‍ ചെയ്ത പോലെ കുന്നുകള്‍ ഇടിച്ചും മലകള്‍ തുരന്നും മാത്രമേ വികസനം സാധ്യമാവൂ. ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കും. ആദ്യ ഘട്ട വികസനത്തിന് സ്ഥലമെടുത്തതിന്റെ കെടുതികള്‍ പ്രദേശവാസികള്‍ ഇന്നും അനുഭവിക്കുന്നുണ്ട്.