കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവള റണ്‍വേ സുരക്ഷ മേഖല (റെസ) വിപുലീകരണത്തിനായുള്ള ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാര വിതരണവും അവസാനഘട്ടത്തില്‍. ബുധനാഴ്ച 20 ഭൂവുടമകളുടെ രേഖകള്‍ അംഗീകരിച്ച് സ്ഥലം ഏറ്റെടുത്തു. ഇവര്‍ക്കുള്ള നഷ്ടപരിഹാരത്തുക അടുത്തദിവസം വിതരണം ചെയ്യും. നേരത്തേ രേഖ പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്ക് നഷ്ടപരിഹാര വിതരണവും രേഖ പരിശോധനയും ഇന്നും തുടരും.
ഏറ്റെടുക്കുന്ന ഭൂമി, മറ്റ് നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, വൃക്ഷങ്ങള്‍ എന്നിവ കണക്കാക്കി കൂടുതല്‍ തുക ഉടന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക രേഖകള്‍ പരിശോധിച്ച് ഒരാഴ്ചക്കകം ലഭ്യമാക്കുന്ന രീതിയിലാണ് നടപടി പുരോഗമിക്കുന്നത്. കൂടുതല്‍ ആവശ്യമായി വരുന്ന തുക ഉടന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 14.97 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഏറ്റെടുക്കുന്ന ഭൂമിക്കും അനുബന്ധ വസ്തുവകകള്‍ക്കുമായി 71.15 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 18.25 കോടി രൂപയാണ് വിതരണത്തിന് ലഭ്യമാക്കിയത്. ബാക്കി തുക അടുത്തദിവസം അനുവദിക്കും.