X

കരിപ്പൂർ റെസ വികസനം; ടെൻഡർ നടപടി വൈകുന്നു

വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയാ (റെസ) നിർമാണപദ്ധതിയുടെ ടെൻഡർ നടപടികൾ വൈകുന്നു. കാലാവധി രണ്ടുമാസം പിന്നിട്ടിട്ടും ടെൻഡർ ഉറപ്പിക്കാനായിട്ടില്ല. റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികൾ, ഓവുചാൽ നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപ്പോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്.

സെപ്റ്റംബർ 19-ന് പ്രീ ക്വാളിഫിക്കേഷൻ ടെൻഡറും ഒക്ടോബർ 11-ന് അന്തിമ ടെൻഡറും ഉറപ്പിക്കുന്ന രീതിയിലാണ് തുടക്കത്തിൽ നടപടികളെടുത്തത്. പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ തുടക്കത്തിൽ ആരും പങ്കെടുത്തില്ല.

ഇതോടെ സെപ്റ്റംബർ 19-ന് ആദ്യഘട്ട ടെൻഡർ ഉറപ്പിക്കാനായില്ല. പിന്നീട് നാലു കമ്പനികൾ വന്നു. എങ്കിലും ഇതുവരെയും സാങ്കേതിക നടപടികളും പരിശോധനകളും പൂർത്തിയാക്കി അന്തിമ ടെൻഡർ ഉറപ്പിച്ചിട്ടില്ല.

റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ 90 മീറ്ററിൽനിന്ന് 240 മീറ്ററാക്കുന്നതാണ് പ്രധാന പ്രവൃത്തി. ഇതിനായി സംസ്ഥാനസർക്കാർ 12.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. 19 മാസമാണ് റെസ നിർമാണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒരു മൺസൂൺ പൂർണമായും മറ്റൊരു മൺസൂണിന്റെ പകുതിയും മൂന്ന് മാസം അധികവുമാണ് കാലാവധി നിശ്ചയിച്ചത്.

നിലവിലെ റൺവേക്ക് സമമായി മണ്ണിട്ടുയർത്തിയാണ് റെസ നിർമിക്കേണ്ടത്. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വലിയ വിമാനങ്ങളുടെ തിരിച്ചുവരവും റെസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നു.

ടേബിൾ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിൽ റെസ നിർമിക്കുന്നതിന് നിലവിലെ റൺവേ നിരപ്പിൽ മണ്ണിട്ടുയർത്തണം. പദ്ധതി ആരംഭിച്ചാൽപ്പോലും നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കുകയെന്നത് വെല്ലുവിളിയാണ്.

webdesk13: