റീ കാര്‍പറ്റിങ് പൂര്‍ത്തിയായതോടെ കരുത്താര്‍ജിച്ച റണ്‍വേയില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും. മഞ്ഞും മഴയും ഉള്‍പ്പെടെ പ്രതികൂല കാലാവസ്ഥയില്‍ പൈലറ്റിനു റണ്‍വേയുടെ കാഴ്ച വര്‍ധിപ്പിക്കാന്‍ സെന്റര്‍ലൈന്‍ ലൈറ്റ്, ടച്ച് ഡൗണ്‍ സോണ്‍ ലൈറ്റ് എന്നിവ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. 2860 മീറ്റര്‍ റണ്‍വേയാണു റീ കാര്‍പറ്റിങ് നടത്തി ബലപ്പെടുത്തിയത്.
റണ്‍വേയുടെ മധ്യത്തിലൂടെ നേര്‍രേഖയായി കടന്നുപോകുന്ന റണ്‍വേ സെന്റലൈന്‍ ലൈറ്റുകള്‍ ഘടിപ്പിച്ച റണ്‍വേ രാജ്യത്തുതന്നെ അപൂര്‍വമാണ്. കേരളത്തില്‍ കരിപ്പൂരിനു പുറമേ, കൊച്ചിയില്‍ മാത്രമാണ് സെന്‍ട്രല്‍ലൈന്‍ ലൈറ്റുകളുള്ളത്. കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്തതാണു ലൈറ്റുകള്‍. ലാന്‍ഡിങ് കൃത്യതയുള്ളതാക്കാന്‍ പുതിയ ടച്ച് ഡൗണ്‍ സോണ്‍ലൈറ്റുകളും സ്ഥാപിച്ചു. റണ്‍വേ റീ കാര്‍പറ്റിങ് ജോലിക്കിടെ 2 മാസംകൊണ്ടാണ് ലൈറ്റുകള്‍ ഘടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്.
2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെത്തുടര്‍ന്നു തകര്‍ന്ന ഐഎല്‍എസ് (ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം) നേരത്തേ മാറ്റിസ്ഥാപിച്ചിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആണെങ്കിലും ഐഎല്‍എസ് കാറ്റഗറി ഒന്നില്‍പെടുന്ന കോഴിക്കോട് വിമാനത്താവളത്തിന് ഈ രണ്ടു ലൈറ്റ് സംവിധാനവും നിര്‍ബന്ധമല്ല. എങ്കിലും കൂടുതല്‍ സുരക്ഷയുടെ ഭാഗമായാണ് സംവിധാനങ്ങള്‍ ഒരുക്കിയത്.
റണ്‍വേയില്‍ വിമാനയാത്ര സുരക്ഷിതമാക്കുന്നതിനൊപ്പം റണ്‍വേയില്‍നിന്നു വിമാനം തെന്നിയാല്‍ അപകടം ഒഴിവാക്കാന്‍ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കല്‍ ജോലിയും പുരോഗമിക്കുന്നുണ്ട്. റണ്‍വേ പ്രതലത്തോടൊപ്പമാണു വശങ്ങള്‍ ഉയര്‍ത്തുന്നത്. ഈ ജോലിക്ക് നേരത്തേ മണ്ണു ലഭിക്കാത്ത സാങ്കേതിക തടസ്സമുണ്ടായിരുന്നു. ആ പ്രതിസന്ധിയും കഴിഞ്ഞ ദിവസത്തോടെ നീങ്ങി.