കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതയുടെ ചിറകടി 2
ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: അറുപത് കോടി രൂപ ചെലവഴിച്ച് റണ്‍വെ ബലപ്പെടുത്തുന്നതോടെ മുമ്പത്തേതിനെക്കാള്‍ സജീവമാവുമെന്നായിരുന്നു വിശദീകരണം. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിക്കുന്നതോടെ കരിപ്പൂരിന്റെ ശുക്രദശ തെളിയുമെന്നായിരുന്നു വാഗ്ദാനം. മാര്‍ച്ചില്‍ മുഖം മിനുക്കി സജീവമാകുന്നത് കണക്കിലെടുത്ത് ജൂലൈയില്‍ ആരംഭിക്കുന്ന ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ നിന്ന് ആവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഇങ്ങനെ അല്ലാതിരിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. പിന്നെ എന്താണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം.
മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നത് കണക്കിലെടുത്ത് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവരൊക്കെ സര്‍വ്വീസിനായി മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് ഇതിനകം സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞു.
ഇന്‍ഡിഗോ മാര്‍ച്ച് 20 മുതലാണ് ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ മസ്‌കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളുണ്ടാകും. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്ക് ഓരോന്നും വീതം സര്‍വിസാണുള്ളത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്‌സും ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സര്‍വിസ് നടത്തുമെന്നാണ് വിവരം. എന്നാല്‍, വ്യക്തമായ മറുപടിക്ക് മുതിരാതെ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്.
കരിപ്പൂരിലെ റണ്‍വേക്കു ബലക്ഷയമുണ്ടെന്ന വാദമാണ് നേരത്തെയുണ്ടായിരുന്ന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിന് തടസ്സമെങ്കില്‍, എന്തിനായിരുന്നു കോടികള്‍ മുടക്കിയ റണ്‍വെ ബലപ്പെടുത്തലും നവീകരണവുമെന്ന ചോദ്യം ബാക്കിയാവും. ആര്‍.ഇ.എസ്.എ സ്്ട്രിപ്പ് തുടങ്ങിയ പഴഞ്ചന്‍ വാദങ്ങള്‍ നിരത്തുന്നതിനും വസ്തുതകളുടെ പിന്‍ബലം വേണം.
ഹജ്ജാജികളെ ചൂഷണം ചെയ്യാന്‍ മത്സരിക്കുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പ് ചില്ലറയല്ല
രണ്ടു വര്‍ഷം മുമ്പ് തിടുക്കപ്പെട്ട് സര്‍വ്വീസ് നിര്‍ത്തിയപ്പോള്‍ തന്നെ ചതി വ്യക്തമായിരുന്നു. 2014 മെയ് 6 മുതല്‍ അറ്റകുറ്റപണിക്കായി വിമാനത്താവളം ഭാഗികമായി അടച്ച ശേഷം ടെണ്ടറായത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. പെട്ടന്ന് സര്‍വ്വീസ് നിര്‍ത്തി ഹജ്ജ് സര്‍വ്വീസ് മാറ്റുകയായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍, സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച് ഏകദേശം 18 മാസംകൊണ്ട് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
ആഴ്ചയില്‍ മൂന്നു സര്‍വീസുകളുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-റിയാദും പ്രതിദിന സര്‍വീസുകളായ എമിറേറ്റ്‌സിന്റെ കാലിക്കറ്റ്ദുബൈ, എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-ജിദ്ദ, ഒന്നിടവിട്ട സര്‍വീസുകളായ സഊദിയുടെ കാലിക്കറ്റ്-റിയാദ്, കാലിക്കറ്റ്-ദമാം തുടങ്ങിയ ജനകീയ സര്‍വ്വീസുകള്‍ നിര്‍ത്തിയതിന്റെ ദുരിതം ചില്ലറയായിരുന്നില്ല.റണ്‍വേ നവീകരണം പൂര്‍ത്തിയായി കഴിഞ്ഞ മാസം അതു വിലയിരുത്താനെത്തിയ എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ ഡി.ജി.സി.എ ഉന്നത സംഘം കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്.
ഹജ്ജ് സര്‍വ്വീസ് കൂടി പരിഗണിച്ച് ജംബോ സര്‍വ്വീസിനുള്ള അനുമതിയും വൈകാതെ ലഭിക്കുമെന്നും സൂചന നല്‍കി. ഇതോടെ വിദേശത്തേക്ക് നേരിട്ട് മുമ്പത്തെ പോലെ വിമാന സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സം സ്വപ്‌നത്തില്‍ പോലും ആരും കണക്കുകൂട്ടിയതുമില്ല.പക്ഷെ, കരിപ്പൂരിന് വേണ്ടി മാത്രം പ്രത്യേക ചട്ടവും ടെണ്ടറുമായി അധികൃതര്‍ ‘തനിനിറം’ പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ 85% യാത്രക്കാര്‍ക്കും സൗകര്യപ്രദമായ കരിപ്പൂരിനെ തഴയാന്‍ പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല.
ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നു തന്നെ ഹജ്ജ് വിമാനം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നത് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റെ മാത്രം ഇംഗിതവുമാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന മുന്‍വിധിയോടെ കൃത്യമായ തിരക്കഥ. ഡി വിഭാഗത്തില്‍ പെടുന്ന കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നേരിട്ട് അനുമതി ലഭിക്കാന്‍ കടമ്പകളുണ്ടത്രെ.കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്രക്ക് വലിയ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് കേന്ദ്രവേ്യാമയാന മന്ത്രാലയം പ്രത്യേകം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് ശരിക്കും ബോധ്യപ്പെട്ടത്.
450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 747 ശ്രേണിയിലെ വലിയ വിമാനങ്ങള്‍ ‘മാത്രം’ ആവശ്യപ്പെട്ടത് കരിപ്പൂരിനെ ഉന്നം വെച്ച് മാത്രമായിരുന്നു. എന്നാല്‍, ഇതേ കാറ്റഗറിയില്‍ പെടുന്ന ലക്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് 767, എ-320, ബി 737 വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വ്വീസ് നടത്താനും ടെന്റര്‍ ക്ഷണിച്ചത് ഇതേ വ്യോമയാന മന്ത്രാലയമല്ലെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ടേബിള്‍ ടോപ്പായ മംഗലാപുരമുള്‍പ്പെടെയുള്ള കരിപ്പൂരിനേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ എയര്‍പോര്‍ട്ടുകളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടും കരിപ്പൂര്‍ ഒഴിവാക്കപ്പെടുമ്പോഴാണ് കളികളുടെ ആഴം വ്യക്തമാകുക.
(തുടരും)