കരിപ്പുർ : കരിപ്പുർ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി അധികൃതര്‍. 1.89 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള യാത്രക്കാരന്റെ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.47 കിലോഗ്രാം സ്വര്‍ണവും ടോയ്‌ലറ്റിലെ ഫ്‌ളഷ് ടാങ്കില്‍ നിന്ന് 1.53 കിലോഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
അടുത്തിടെയായി കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുകയാണ്. മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലും വസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയും ഗൃഹോപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത് വ്യാപകമാണ്. എന്നാല്‍ ഭൂരിഭാഗം കടത്തുകാരെയും പിടികൂടാന്‍ കസ്റ്റംസിന് കഴിഞ്ഞിരുന്നു.
ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കരിപ്പൂരില്‍ കഴിഞ്ഞയാഴ്ച 446 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) ആണ് അറസ്റ്റിലായത്.
അനസ് ധരിച്ചിരുന്ന ചെരിപ്പിനുള്ളിലെ സോളിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണം കസ്റ്റഡിയിലെടുത്തെന്നും ഇതിന് 25 ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.