മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരിപ്പൂര്‍ ഹജ് ഹൗസ് വീണ്ടും ഹജ് തീര്‍ഥാടകരുടെ പ്രാര്‍ഥനകള്‍കൊണ്ടു ഭക്തിനിര്‍ഭരമാകും. കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ് തീര്‍ഥാടനത്തിനു പുറപ്പെടുന്ന ആറായിരത്തിലേറെ തീര്‍ഥാടകരെ സ്വീകരിക്കാനായി ഹജ് ഹൗസ് ഒരുങ്ങി.
തൊട്ടടുത്തുതന്നെ വനിതകള്‍ക്കായുള്ള പ്രത്യേക കെട്ടിടത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി. അവസാനഘട്ട മിനുക്കുപണിയിലാണു വനിതാ ബ്ലോക്ക്. ഇതുവരെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും താമസസൗകര്യം ഒരുക്കിയിരുന്നതു ഹജ് ഹൗസ് കെട്ടിടത്തിലാണ്.
പുതിയ വനിതാ ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയായതിനാല്‍ ഈ വര്‍ഷം മുതല്‍ വനിതാ തീര്‍ഥാടകര്‍ക്കുള്ള ക്യാംപ് ഇവിടേക്കു മാറും. പ്രാര്‍ഥനയ്ക്കും ക്ലാസിനും മറ്റുമുള്ള സൗകര്യം ഇവിടെയുണ്ട്. 10 കോടി രൂപയോളം ചെലവിട്ടാണു വനിതാ ബ്ലോക്ക് ഒരുക്കിയത്. 31,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വനിതാ ബ്ലോക്ക് പൂര്‍ണമായും ഭിന്നശേഷി സൗഹൃദ കെട്ടിടമാണ്. വനിതാ തീര്‍ഥാടകര്‍ക്കു സേവനം ചെയ്യാനായി വനിതാ വൊളന്റിയര്‍മാരും ഉണ്ടാകും. ഹജ് ക്യാംപിനോടൊപ്പം വനിതാ ബ്ലോക്കിന്റെ ഉദ്ഘാടനവും നടക്കും.