കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂരിനെയും ഉള്‍പ്പെടുത്തി. 2023 ഹജ്ജിന്റെ 25 പുറപ്പെടല്‍ കേന്ദ്രങ്ങളിലാണ് കരിപ്പൂരിനും ഇടം ലഭിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഹജ്ജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടത്.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതോടെ അടുത്തദിവസം തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ 2021ലും 2022ലും ഹജ്ജ് യാത്ര ഉണ്ടായിരുന്നില്ല. 2022ല്‍ ആകട്ടെ അപേക്ഷകരും പുറപ്പെടല്‍ കേന്ദ്രങ്ങളും പകുതിയില്‍ താഴെയായിരുന്നു. പുതുക്കിയ ഹജ്ജ് പോളിസി അപേക്ഷകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കരട് രേഖയില്‍ ഏതാനും മിനുക്ക് പണികള്‍ ബാക്കിയുണ്ട്.
ഹജ്ജിന്റെ ഇക്കൊല്ലത്തെ നടപടിക്രമങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നോട്ടിഫിക്കേഷനും ആക്ഷന്‍ പ്ലാനും ലഭിക്കുന്നതോടെ ഉടന്‍ ആരംഭിക്കും. ജനുവരി രണ്ടാം വാരത്തോടെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കല്‍ ആരംഭിച്ചേക്കും.കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ തുടര്‍നടപടികള്‍ക്ക് ഹജ്ജ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞതായി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു. ഹാജിമാര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക കൂടിക്കാഴ്ചയിലൂടെ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കും. പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.