കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിന്റെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുന്നു. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസ സ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിനു ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.
സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള വിവരം പൊലീസ് കസ്റ്റംസിനു കൈമാറിയിരുന്നു. സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്റന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ വിവരത്തെ തുടര്‍ന്നാണ് നവീന്റെ ഫ്‌ലാറ്റില്‍ പരിശോധന നടക്കുന്നത്.
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60 തവണ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍.
ദിവസങ്ങള്‍ക്കു മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ മൂന്ന് പേരില്‍ നിന്നും കരിപ്പൂര്‍ പൊലീസ് സ്വര്‍ണം പിടികൂടിയിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷിഫ്റ്റ് കണ്ടെത്തിയത്. സിഐഎസ് എഫിലെ ഒരു അസിസ്റ്റന്റ് കമന്റാന്റും കസ്റ്റംസ് ഉദ്യോഗസ്ഥനും ഈ സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കിട്ടി. കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടി സ്വര്‍ണം കടത്താനാണ് ഇവര്‍ ഒത്താശ ചെയ്തിരുന്നത്. ഇതിനായി രഹസ്യ ഫോണ്‍ നമ്പറുകളും ഉപയോഗിച്ചിരുന്നു.
അറസ്റ്റിലായ ചിലര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ഫോട്ടോകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്. നിലവില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനു ശേഷം ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സി ഐ എസ് എഫ്, കസ്റ്റംസ് ഉന്നതര്‍ക്ക് കൈമാറും.