X

കരിപ്പൂരില്‍ ഐ.എല്‍.എസ് കാലിബറേഷന്‍ വിമാനം പരിശോധിച്ചു

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച ഐ.എല്‍.എസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി കാലിബറേഷന്‍ വിമാനം ഉപയോഗിച്ച് പരിശോധന നടത്തി.ഐ.എല്‍.എസ് എയര്‍ കാലിബറേഷന്‍ നടത്തുന്നതിനായി ചൊവ്വാഴ്ച രാത്രിയാണ് വിമാനവും വിദഗ്ധരും എത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി കാലിബറേഷന്‍ പറന്നാണ് ഐ.എല്‍.എസിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചത്.

 

പരിശോധന റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ( ഡി.ജി.സി.എ) അനുമതിക്കായി നല്‍കും. അനുകൂല റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കും. മൂന്നര കോടി രൂപ ചെലവില്‍ നോര്‍വെയില്‍ നിന്നും ഇറക്കുമതി ചെയ്ത നോര്‍മാക്ക് 7000ബി എന്ന ഐ.എല്‍.എസ് ഉപകരണമാണ് കരിപ്പൂരില്‍ സ്ഥാപിച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി ജോയിന്റ് ജനറല്‍ മാനേജര്‍ വി.എസ് തോമര്‍, അസി.ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് യാസീന്‍, രവീന്ദ്രഭൂഷന്‍ എന്നിവരടങ്ങിയ റേഡിയോ കണ്‍സ്ട്രക്ഷന്‍ ഡവലപ്പ്‌മെന്റ് യൂണിറ്റും സീനിയര്‍ മാനേജര്‍മാരായ എല്‍.എന്‍ പ്രസാദ്, രാജേഷ് പാണ്ഡെ എന്നിവരുള്‍പ്പെടുന്ന ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ഷന്‍ യൂണിറ്റുമാണ് കരിപ്പൂരിലത്തെിയത്‌

chandrika: