X

കരിപ്പൂര്‍ വിമാനത്താവളം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിംലീഗ് എം.പിമാര്‍

കരിപ്പൂര്‍ വിമാനത്താവളം സംബന്ധിച്ച വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എയര്‍പോര്‍ട്ടിനെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാതിരിക്കാനുള്ള ഗൂഢാലോചന അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രണ്ടാം സ്ഥാനത്തുള്ള പൊതുമേഖലാ വിമാനത്താവളമാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം. ചെന്നൈ മാത്രമാണ് കരിപ്പൂരിന് മുന്നിലുള്ളത്. സ്വകാര്യ മേഖലയിലെ വിമാനത്താവളങ്ങളുടെ കണക്ക് കൂടി കൂട്ടുമ്പോള്‍ കരിപ്പൂരിന് അഞ്ചാം സ്ഥാനമുണ്ട്. മലബാറിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തെ ആസൂത്രിതമായി തകര്‍ക്കാനാണ് പുതിയ നീക്കങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡ് കാലത്ത് വിമാനങ്ങള്‍ നിര്‍ത്തിവെച്ചിട്ടും 2020-21 കാലയളവില്‍ മാത്രം 92 കോടി രൂപയോളാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ ലാഭം. 2021-22ല്‍ ഇത് 168 കോടിയായി ഉയര്‍ന്നു. ലാഭകരമായി നടന്നുവരുന്ന വിമാനത്താവളത്തെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ഇല്ലാതാക്കാന്‍ ഇതിന് മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മുസ്‌ലിംലീഗ് പാര്‍ട്ടിയും എം.പിമാരും സമയോചിതമായി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.

web desk 3: