കോഴിക്കോട്: വലിയ ജംബോ വിമാന സര്‍വ്വീസിന് കരിപ്പൂരിലെ നിലവിലുള്ള റണ്‍വെ മതിയാവുമെന്ന് ഔദ്യോഗിക രേഖ. ബോയിങ്ങ് 747/400 എന്നീ വിമാനങ്ങള്‍ക്ക് 8000 അടി മതിയെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് വിഭാഗം എല്ലാ വിമാന ജോലിക്കാര്‍ക്കും നല്‍കുന്ന സാങ്കേതിക നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബോയിങ്ങ് 777 / 787 എന്നീ വിമാനങ്ങള്‍ക്ക് 7000 അടി റണ്‍വെ ആയാലും മതി.
കരിപ്പൂരില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍ പെട്ട 320 /321 എന്നീ വിമാനങ്ങള്‍ക്ക് 5500 അടി റണ്‍വേ മതിയാവും. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍ പി.ബാലചന്ദ്രന്‍ നല്‍കിയ രേഖ സേവ്കരിപ്പൂര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം ബഷീറാണ് കരസ്ഥമാക്കിയത്. 9666 അടിയാണ് കരിപ്പൂരിലെ റണ്‍വെയുടെ ആകെ നീളം. ഇതില്‍ 400 മീറ്ററില്‍ വിള്ളല്‍ വീണ് ബലക്ഷയമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് 2015 മെയ് മുതല്‍ ഭാഗികമായി വിമാനത്താവളം അടച്ചതും പ്രധാന സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും.
ഇതിന്റെ പേരില്‍ ഹജ്ജ് സര്‍വ്വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി റണ്‍വെ ബലപ്പെടുത്തിയപ്പോഴും റണ്‍വെയുടെ നീളക്കുറവ് പറഞ്ഞാണ് ബോയിങ്ങ് 747/400, 777/787 വിമാനങ്ങള്‍ക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി നിഷേധിച്ചത്. അതേസമയം തന്നെ 9000 അടി മാത്രമുള്ള ഭോപ്പാല്‍- മംഗലാപുരം എയര്‍പോര്‍ട്ടുകള്‍, 9022 അടി റണ്‍വെയുള്ള ഇന്‍ഡോര്‍, 8000 അടിയുള്ള റാഞ്ചി, 8300 അടിയുള്ള വരാണസി എന്നിവക്കു പുറമെ, 7500 അടി മാത്രമുള്ള ഗയ വിമാനത്താവളത്തില്‍ നിന്നു പോലും കോഡ് ‘ഡി’യില്‍ വരുന്ന വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ വ്യക്തത തേടിയപ്പോഴാണ് ബോയിങ്ങ് 777/787 ന് പുറമെ 747/400 ബോയിങ്ങ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനും കരിപ്പൂരിന് സാങ്കേതിക കരുത്തുണ്ടെന്ന് വ്യക്തമാവുന്നത്. ഔറംഗാബാദ് പോലുള്ള തേഡ് ക്ലാസ് വിമാനതാവളങ്ങളില്‍ നിന്ന് പോലും ഹജ്ജ് സര്‍വ്വീസ് നടത്തുമ്പോഴാണ് കേന്ദ്ര സര്‍ക്കാറും വ്യോമയാന രംഗത്തെ ചില കുത്തകകളും പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങള്‍ മാത്രം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചതും കരിപ്പൂരിനെ തഴയാനാണെന്ന് ആരോപണമുണ്ട്.