കോഴിക്കോട്: കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജംബോ 747 വിമാന സര്‍വ്വീസിനുള്ള ഡി.ജി.സി.എ ഉത്തരവായി. വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ അറ്റകുറ്റ പണിയുടെ പേരില്‍ നിര്‍ത്തിയ ശേഷം അവ നിഷേധിച്ച് വന്‍ അട്ടിമറി ശ്രമമാണ് അരങ്ങേറിയത്. ഇതിനെതിരെ എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിശ്രമമില്ലാത്ത പോരാട്ടമാണ് വിജയം കണ്ടത്.
കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബോയിങ്ങ് കമ്പനിയുടെ ടെക് നിക്കല്‍ ഡാറ്റാ മാനേജര്‍ സബാസ്റ്റ്യന്‍ ലവീന നല്‍കിയ അനുകൂല റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന വകുപ്പ് സ്വീകരിച്ചതോടെ സുരക്ഷാ കാരണങ്ങളും അസൗകര്യവും ഉയര്‍ത്തി നീതി നിഷേധിക്കുന്നത് തടയിട്ടത്. ജംബോ 747 സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനാവും. കരിപ്പൂര്‍ വിമാനത്താവള ഡയരക്ടറും എയര്‍ ഇന്ത്യയുടെ പ്രാദേശിക അധികൃതരുമായി ഷെഡ്യൂളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു.
പൊതുമേഖലയിലുള്ള കരിപ്പൂരിലേക്കുള്ള ആഭ്യന്തര സര്‍വ്വീസുകള്‍ വഴിമാറ്റി സ്വകാര്യ വിമാനത്താവള ലോബികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും നടത്തിയ വഴിവിട്ട നീക്കങ്ങളാണ് അറ്റകുറ്റ പണിക്ക് ശേഷം പഴയ പ്രതാപത്തിലേക്ക് എത്താനുള്ള സാഹചര്യം വൈകിപ്പിച്ചത്. ഇന്ധന നികുതി വിവേചനത്തിലൂടെ കണ്ണൂരിലേക്ക് കരിപ്പൂരിലെ വിമാനങ്ങളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു.