കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ വികസനപ്രവര്‍ത്തനം മൂന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് ആവശ്യപ്പെട്ടു. രാജീവ്ഗാന്ധി ഭവനില്‍ മന്ത്രിയുടെ ഓഫീസില്‍ ചെന്ന് അദ്ദേഹത്തെ കണ്ട സമദാനി റണ്‍വേ കട്ട് ചെയ്താല്‍ ഉണ്ടായേക്കാവുന്ന ഗുരുതരാവസ്ഥയെപ്പറ്റി മന്ത്രിയുമായി ചര്‍ച്ച നടത്തി.
റെസ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പരസ്പര ക്രമീകരണമുണ്ടാക്കി സ്ഥലം ലഭ്യമാക്കാനുള്ള അവധി നീട്ടാനുള്ള നടപടിയുണ്ടാകണം. റണ്‍വേ വെട്ടിച്ചുരുക്കുന്ന നിര്‍ദ്ദേശം വിമാനത്താവളത്തിന്റെ വികസനത്തെ മാത്രമല്ല ദൈനംദിന പ്രവര്‍ത്തനത്തെയും അതീവ ഗൗരവമായും ആ പല്‍ക്കരമായും ബാധിക്കും. ഏതുവിധേനയും അത്തരമൊരു നീക്കത്തിലേക്ക് പോകരുതെന്ന് സമദാനി ആവശ്യപ്പെട്ടു.
ഈ വിഷയം തന്റെ പക്കലല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കൈകളിലാണെന്നും മന്ത്രി പ്രതികരിച്ചു. എത്രയും പെട്ടെന്ന് ഭൂമി ലഭ്യമാക്കി റെസ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കേണ്ടത് വിമാനത്താവളത്തിന്റെ അനിവാര്യതയാണ്. റെസനിര്‍മ്മാണം സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുമാണ്. യാത്രക്കാരുടെ സുരക്ഷിതത്വകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല.
റെസ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള അവധി ഏതാനും മാസങ്ങള്‍ ദീര്‍ഘിപ്പിച്ചു കൊണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനും റണ്‍വേ വെട്ടിച്ചുരുക്കാനുള്ള നീക്കം റദ്ദാക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമദാനി സമര്‍പ്പിച്ചു.