കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) ദീര്‍ഘിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടം കൃത്യമായി കണക്കാക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ശേഷം ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി ഇവരെ ബോധ്യപ്പെടുത്തും. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി നേതാക്കളുടെയും ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി.
നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. തിങ്കളാഴ്ച പള്ളിക്കല്‍ വില്ലേജിലും (ആഗസ്റ്റ് ഏഴ്) ബുധനാഴ്ച (ആഗസ്റ്റ് ഒമ്പത്) നെടിയിരുപ്പ് വില്ലേജിലും സര്‍വ്വേ നടത്തും. ശേഷം ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കും. നഷ്ടപരിഹാരം ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് നീങ്ങൂ എന്നും മന്ത്രി പറഞ്ഞു. വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും മരങ്ങള്‍, കിണറുകള്‍ തുടങ്ങിയവക്കെല്ലാം നിലവിലെ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കും. ഇതോടൊപ്പം വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസത്തിന് നേരത്തേ നിശ്ചയിച്ചിരുന്ന 4.6 ലക്ഷം രൂപ 10 ലക്ഷമാക്കി വര്‍ധിപ്പിച്ച് പുതിയ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്നുള്ള മലിനജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കുന്നുണ്ടെന്ന പരാതി പരിശോധിക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തും. വിമാനത്താവള പരിസരത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകള്‍ക്ക് വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചര്‍ച്ചയില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ബാസ്, സമരസമിതി നേതാക്കള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.