നടുക്കുന്ന ഓര്‍മകളുമായി കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്നേക്ക് രണ്ട് വയസ്. 2020 ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായില്‍ നിന്ന് 191 പേരേയുമായി വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനം ദുരന്തത്തില്‍പെട്ടത്. പൈലറ്റിന്റെ അശ്രദ്ധയില്‍ ലാന്റിങ് പിഴച്ച വിമാനം റണ്‍വേയുടെ കിഴക്ക് ഭാഗത്തുള്ള താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തകര്‍ച്ചയില്‍ വിമാനം മൂന്ന് കഷണങ്ങളായി പിളര്‍ന്നു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ സംഭവ ദിവസം മരണപ്പെട്ടു. ചികിത്സയിലുള്ള മൂന്ന് യാത്രക്കാര്‍ പിന്നീട് മരിച്ചു. 160ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ 60 ഓളം പേരുടെ പരിക്ക് നിസാരമായിരുന്നു. അപകട കാരണം പൈലറ്റിന്റെ വീഴ്ചയാണന്ന് പ്രാഥമിക അന്വേഷണത്തിലും ഡി.ജി.സി.എയുടെ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടും റണ്‍വേയുടെ പോരായ്മ കാരണമാക്കി വലിയ വിമാനങ്ങള്‍ കരിപ്പൂരിന് അന്യമാക്കിയിരിക്കുകയാണ്.
ദുരന്തത്തില്‍ മരണ സംഖ്യ കുറക്കാന്‍ കാരണമായത് പ്രദേശവാസികളുടെ ജീവന്‍ പണയം വെച്ച രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു. പ്രദേശമാകെ കോവിഡ് മഹാമാരി പടര്‍ന്ന് കയറിയ സാഹചര്യത്തിലും രക്ഷാ പ്രവര്‍ത്തനം നടത്തി മാതൃക കാണിച്ച പരിസരവാസികളോടുള്ള കടപ്പാട് പ്രകടിപ്പിച്ച് സമീപത്ത് സ്മാരകമുയരുന്നുണ്ട്. അപകടത്തില്‍പെട്ട യാത്രക്കാരും മരണപ്പെട്ട വരുടെ ആശ്രിതരും മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം കരിപ്പൂര്‍ വിമാനപകട ചാരിറ്റിയുടെ നേതൃത്ത്വത്തില്‍ ചിറയില്‍ ഗവ. ആരോഗ്യ കേന്ദ്രത്തിന് വേണ്ടി 50 ലക്ഷം രൂപ ചെലവില്‍ സ്മാരക കെട്ടിടം പണിയുകയാണ്. യാത്രക്കാര്‍ക്ക് കിട്ടിയ ഇന്‍ഷൂറന്‍സ്തുകയില്‍ നിന്ന് ചെറിയ തുക ശേഖരിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം. അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്ന വയനാട് ചീരാല്‍ സ്വദേശി നൗഫല്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇതിന് വേണ്ടി മുന്നില്‍ നിന്നത്. നട്ടെല്ല് പൊട്ടിയ നൗഫല്‍ നീണ്ട 76 ദിവസത്തെ ചികില്‍സയില്‍ 15 ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. സഹോദരന്‍ റഹീമാണ് നൗഫലിനുവേണ്ടി ആശുപത്രിക്ക് കെട്ടിടം പണിയുന്നതിന് നിരവധി തവണ കൊണ്ടോട്ടിയില്‍ എത്തിയിരുന്നത്. ദുരന്തത്തിന്റെ ഓര്‍മ പുതുക്കി ഇന്ന് സംഭവ സ്ഥലത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒത്തു കൂടും.