കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് പുന:സ്ഥാപിക്കാനുള്ള കേന്ദ്ര ഹജ്ജ് പോളിസിയിലെ നിർദ്ദേശം ഏറെ സ്വാഗതാർഹവും ആശ്വാസകരവുമാണെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മാതൃകാപരമായ രീതിയിൽ പ്രവർത്തിച്ചു വന്നതായിരുന്നു കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം. എന്നാൽ, ഇന്ത്യയിലാകെ നേരത്തെ ഉണ്ടായിരുന്ന ഇരുപത്തിഒന്ന് പോയിന്റുകൾ പത്ത് ആക്കി ചുരുക്കിയ തീരുമാനം മലബാറിൽ നിന്ന് മാത്രമല്ല, രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചതാണ്. കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുന:സ്ഥാപിക്കണം എന്ന ആവശ്യം കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിലും പാർലിമെന്റിനകത്തും പുറത്തും ജനപ്രതിനിധികളും ജനകീയ സംഘടനകളും
പലപ്പോഴായി ഉന്നയിച്ചതാണ്.
കണ്ണൂരിൽ എംബാർക്കേഷൻ പോയിന്റ് അനുവദിക്കാനുള്ള തീരുമാനവും ഹജ്ജ് യാത്രക്കാർക്ക് സഹായകരമാണ്. കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ മുക്കാൽ ഭാഗത്തിലേറെയും മലബാറിൽ നിന്നുള്ളവർ ആകയാൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുന്നതും കണ്ണൂരിൽ അനുവദിക്കുന്നതും ഹജ്ജ് യാത്രികരുടെ യാത്രയിലെ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സൗകര്യപ്രദമാക്കാനും സഹായകരവും അനിവാര്യവുമാണെന്നും സമദാനി പറഞ്ഞു.