കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. ഇതോടെ ഗുരുതര പരിക്കുകള്‍ പറ്റി ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരുടെ നില പ്രതിസന്ധിയിലായി.
കാലിനും കൈക്കും നട്ടെല്ലിനുമടക്കം ഗുരുതര പരിക്കുകള്‍ പറ്റി വിവിധങ്ങളായ ചികിത്സകള്‍ തുടരുന്നവര്‍ ഇപ്പോഴുമുണ്ട്. ശസ്ത്രക്രിയകള്‍ ആവശ്യമായവരും ഇനിയുമുണ്ട്. ഇതിനിടയിലാണ്, ആശുപത്രി ചിലവുകള്‍ വഹിച്ചിരുന്ന എയര്‍ ഇന്ത്യ അധികൃതര്‍ കയ്യൊഴിയുന്നത്.
ദുരന്തത്തില്‍ പരുക്കേറ്റ് ഇന്നും ചികിത്സ തുടരുന്ന ഒട്ടേറേ പേരാണ് ആശങ്കയിലായത്. പരുക്കേറ്റ 84 പേര്‍ക്കുള്ള നഷ്ടപരിഹാരവും എയര്‍ ഇന്ത്യ കൈമാറിയിട്ടില്ല. തുക ഉടന്‍ കൈമാറുമെന്നും ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നുമാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.