ദേശീയ ധനസമാഹരണ പദ്ധതിയിലുള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ജന വിരുദ്ധവും നാടിന്റെ ക്ഷേമതാല്പര്യങ്ങള്‍ക്ക് ഹാനികരവുമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.പൊതുമുതല്‍ വിറ്റുതുലച്ച് അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന ഗണിത ശാസ്ത്രം തന്നെ ജനാധിപത്യത്തിന് നിരക്കുന്നതല്ല. സാമ്പത്തികമായ കണക്കു കൂട്ടലുകളുടെയും ലാഭനഷ്ടങ്ങളുടെയും മീതെയാണ് പൊതുതാല്‍പ്പര്യവും സാമൂഹികക്ഷേമവും.
ആസ്തികള്‍ വിറ്റഴിക്കുമ്പോഴും വിമാനത്താവളത്തിന്റെ ഉടമസ്ഥത സര്‍ക്കാറിനായിരിക്കും എന്നു പറയുന്നതില്‍ കഴമ്പില്ല. സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം മുഴുവന്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിച്ച ശേഷം അതിന്റെ ഉടമ സര്‍ക്കാറാണ് എന്നു പറയുന്നതു നിരര്‍ത്ഥകമാണ്.രാജ്യത്തിനും ജനങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പൊതുമേഖലയാണ് വ്യോമയാന സേവനരംഗം. അതില്‍ സാധാരക്കാരായ പൗരന്മാരുടെ ആവശ്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമാണ്പ്രഥമ പരിഗണന നല്‍കേണ്ടത്. ലാഭം നോക്കാതെ ജനങ്ങളുടെ ആവശ്യത്തിന് മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സമീപനമേ ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരം ആവുകയുള്ളൂ. സാമൂഹികമായ ബോധത്തിനും സേവന മനോഭാവത്തിനുമാണ് ഇക്കാര്യത്തില്‍ പ്രധാനം. അത് സാധ്യമാക്കാന്‍ പൊതുമേഖലക്ക് മാത്രമെ സാധ്യമാവുകയുള്ളൂ. ലാഭം കൊയ്യാനായി മാത്രം വരുന്ന സ്വകാര്യ വ്യക്തികള്‍ ചെറിയ സേവനങ്ങള്‍ക്ക് പോലും വലിയ തുകയാണ് വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കുക എന്ന് എല്ലാവര്‍ക്കുമറിയാം. സാധാരണക്കാരുമായി സ്ഥാപനങ്ങള്‍ക്കുള്ള അകലം കൂട്ടാന്‍ മാത്രമെ നീക്കം സഹായകമാവുക യുള്ളൂ. വ്യക്തികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി വിട്ടുകൊടുക്കാനുള്ളതല്ല, ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി ഉപയോഗപ്പെടുത്താനുള്ളതാണ്.
ജനാഭിലാഷത്തിന്റെയും നാടിന്റെ പൊതുതാല്പര്യത്തിന്റെയും സാക്ഷാത്കാരമായി ഉയര്‍ന്നുവന്നതാണ് കരിപ്പൂര്‍ വിമാനത്താവളം. ശക്തമായ പങ്കാളിത്തത്തിലൂടെയാണത് വളര്‍ച്ച കൈവരിച്ചത്. മലയാളികളുടെ ഉപജീവന മാര്‍ഗ്ഗത്തിലേക്കുള്ള വാതിലായ ഈ വിമാനത്താവളത്തിന് ഇനിയും അതിന്റെ പുരോഗതിയില്‍ ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അതിനെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയും പരിപാലനവും അനിവാര്യമാണ്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കണം. അതിനാല്‍ വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച് അതിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം .